മൂന്നാർ: ഡ്രൈവർമാരുടെ ക്ഷാമം കാരണം മൂന്നാർ ഡിപ്പോയിൽനിന്നുള്ള സർവീസുകൾ വെട്ടിക്കുറക്കുന്നു. മൂന്നാറിൽ നിന്നു സർവിസ് നടത്തിയിരുന്നതും മികച്ച വരുമാനം ലഭിച്ചിരുന്നതുമായ രണ്ട് എറണാകുളം സർവിസുകൾ ഏതാനും ദിവസങ്ങളായി ഡ്രൈവർമാർ ഇല്ലാത്തതിനാൽ റദ്ദാക്കി. ഡ്രൈവർമാരുടെ ക്ഷാമം പരിഹരിക്കാതെ വന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ റദ്ദ് ചെയ്യുമെന്നാണ് സൂചന. മറ്റൊരു എറണാകുളം സർവീസ് ഒരു മാസം മുമ്പ് നിർത്തി.
ഡിപ്പോയിലുണ്ടായിരുന്ന ഡ്രൈവർമാരിൽ 12 പേരെ കട്ടപ്പന, ഹരിപ്പാട് ഡിപ്പോകളിലേക്ക് സ്ഥലമാറ്റുകയും പകരം ആളെ നിയമിക്കാതിരിക്കുകയും ചെയ്തതാണ് ക്ഷാമം രൂക്ഷമാകാൻ കാരണമായത്. അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ 30 സർവിസുകളാണ് മൂന്നാറിൽ നിന്ന് നടത്തിയിരുന്നത്. സ്ഥിരം ജീവനക്കാരായ 72 ഡ്രൈവർമാരും സ്വിഫ്റ്റിലുൾപ്പെടെ ജോലി ചെയ്യുന്ന 26 താൽക്കാലിക ഡ്രൈവർമാരുമാണ് ഇവിടെ ഉണ്ടായിരുന്നത്. സ്ഥിര ജീവനക്കാരിൽ 12 പേരാണ് സ്ഥലംമാറ്റം ലഭിച്ചുപോയത്.
താൽക്കാലിക ഡ്രൈവർമാരിൽ ഒമ്പത് പേർ പലപ്പോഴായി ജോലി ഉപേക്ഷിച്ചു പോയി. ദീർഘദൂര സർവീസുകളായ സ്വിഫ്റ്റ് ഉൾപ്പെടെ ബസുകളിലെ താൽക്കാലിക ഡ്രൈവർമാരുടെ കുറവു കാരണം സ്ഥിരം ഡ്രൈവർമാരാണ് ഇത്തരം ബസുകൾ ഓടിക്കാൻ നിയോഗിക്കപ്പെടുന്നത്. കൂടാതെ സ്പെയർ പാർട്സ് എടുക്കാൻ ഉപയോഗിക്കുന്ന വാനിന് രണ്ട്, ഷണ്ടിങ് വാഹനം മൂന്ന്, അദർ ഡ്യൂട്ടി ഒന്ന്, സൈറ്റ് സീയിങ് ഡ്യൂട്ടി മൂന്ന്, സ്റ്റാൻഡിങ് ഡ്യൂട്ടി മൂന്ന്, റിലീവിങ് ഡ്യൂട്ടി ഒന്ന് എന്നിങ്ങനെ 13 പേർ മറ്റു ജോലികൾക്കായി മാറും. കുറച്ചു പേർ അവധിയെടുക്കുന്നതോടെ ഡ്യൂട്ടിയിലുള്ളവർ വിശ്രമമില്ലാതെ വീണ്ടും അടുത്ത സർവിസ് ഓടിക്കാൻ പോകേണ്ട അവസ്ഥയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.