മൂന്നാർ: വരയാടുകളുടെ കേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തിൽ ഇനിമുതൽ ബഗി കാറുകൾ ഓടിത്തുടങ്ങും. രാജമലയിലെത്തുന്ന അംഗപരിമിതരും വയോജനങ്ങളുമായ സഞ്ചാരികൾക്ക് വേണ്ടിയാണ് വനം വകുപ്പിന്റെ ബഗി കാർ സേവനം. ഇരവികുളത്തിന്റെ കവാടമായ അഞ്ചാംമൈലിൽനിന്ന് വനം വകുപ്പിന്റെ വാഹനത്തിൽ രാജമലയിലെത്തിയാൽ ബഗി കാറുകൾ പ്രയോജനപ്പെടുത്താം. ആറ് ലക്ഷം രൂപ വിലയുള്ള എട്ടുപേർക്ക് സഞ്ചരിക്കാവുന്ന കാറാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരുന്നത്. ബാറ്ററിയിലാണ് പ്രവർത്തനം.
രാജമലയിൽ ഒരു കിലോമീറ്ററോളം നടന്ന് വേണം വരയാടുകളെ കാണാൻ. എന്നാൽ, വയോധികരും അംഗപരിമിതരുമായവർക്ക് ഇതുവരെ ഇതിന് കഴിഞ്ഞിരുന്നില്ല. ഇത് മറികടക്കാനാണ് ഏപ്രിൽ ഒന്ന് മുതൽ ബഗി കാർ സർവിസ് ആരംഭിക്കുന്നത്.
വരയാടുകളുടെ പ്രജനനകാലമായതിനാൽ അടച്ചിട്ട ദേശീയോദ്യാനം ഇനി ഏപ്രിൽ ഒന്നിനാണ് തുറക്കുന്നത്. അന്നുമുതൽ നേരിട്ടുള്ള ടിക്കറ്റ് വിതരണം ഉണ്ടാവില്ല. ഓൺലൈനിൽ ഒരു ദിവസം മൂന്ന് ഘട്ടങ്ങളിലായി ടിക്കറ്റ് റിസർവ് ചെയ്യാം. രാജമല സന്ദർശിക്കാൻ സമയം ലഭിച്ചതനുസരിച്ച് സഞ്ചാരികൾ എത്തുന്നതോടെ തിരക്കിലും വലിയ കുറവുണ്ടാകുമെന്നാണ് വനം വകുപ്പ് കരുതുന്നത്. ഒരു ദിവസം 2880 സന്ദർശകരെയാണ് അനുവദിക്കുന്നത്.
നീലക്കുറിഞ്ഞിയും വരയാടും മാത്രമായിരുന്ന രാജമലയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സൗകര്യങ്ങൾ വനം വകുപ്പ് ഒരുക്കിക്കഴിഞ്ഞു. സൗജന്യ വൈഫൈ, ആദിവാസികളുടെ ജൈവ ഉൽപന്നങ്ങളുടെ വിപണി, വിവിധ ഇനം ഓർക്കിഡുകളെ പരിചയപ്പെടുത്തുന്ന ഓർക്കിഡോറിയം എന്നിവ കൂടാതെയാണ് ബഗി കാറുകളും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.