മൂന്നാർ: ശീതകാല പച്ചക്കറികളുടെ വിളവെടുപ്പിനൊപ്പം വട്ടവടയിൽ വിനോദസഞ്ചാരികളുടെ തിരക്കും. മൂന്നാറിലെത്തുന്ന സന്ദർശകരുടെ ഇഷ്ട ലൊക്കേഷനായി മാറുകയാണ് വട്ടവടയിലെ വിശാലമായ പച്ചക്കറിപ്പാടങ്ങൾ. ഓണത്തോടനുബന്ധിച്ച് വിനോദസഞ്ചാരികളുടെ നല്ല ഒഴുക്കായിരുന്നു ഇവിടേക്ക്. ചെങ്കുത്തായ മലഞ്ചെരുവുകൾ തട്ടുകളാക്കി നടത്തുന്ന കൃഷി കാണാനും കൃഷിയിടങ്ങളിൽ നേരിട്ടെത്തി വിഷരഹിത പച്ചക്കറികൾ കുറഞ്ഞ വിലയിൽ വാങ്ങാമെന്നതുമാണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന തുടർച്ചയായ മഴ പച്ചക്കറി വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. മൂന്നാറിൽനിന്ന് മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ എന്നീ കേന്ദ്രങ്ങൾ കാണാനെത്തുന്ന ടൂറിസ്റ്റുകളാണ് ടോപ് സ്റ്റേഷനിൽനിന്ന് എട്ടു കിലോമീറ്റർ ദൂരെയുള്ള വട്ടവടയിലും എത്തുന്നത്.
പച്ചക്കറികൾക്കൊപ്പം സ്ട്രോബറി പഴങ്ങളുടെ വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്. കിലോക്ക് 600 രൂപയ്ക്കാണ് ഇവയുടെ വിൽപന. തുടർച്ചയായ മഴ സ്ട്രോബെറി ചെടികൾ അഴുകി നശിക്കാൻ കാരണമായത് ഉൽപാദനം കുറയാനിടയാക്കും. വില കൂടാൻ ഇതും കാരണമാണ്. ഉൾഗ്രാമങ്ങളായ പഴത്തോട്ടത്തും ചിലന്തിയാറിലും ഇപ്പോൾ സബർജെല്ലിക്കാലം കൂടിയാണ്. വട്ടവട ടൗണിൽനിന്ന് എട്ടു കിലോമീറ്റർ ദൂരമുള്ള പഴത്തോട്ടത്തും ചിലന്തിയാറിലും വരെ ഇപ്പോൾ സഞ്ചാരികൾ എത്തുന്നുണ്ട്. ഹോംസ്റ്റേകൾക്കൊപ്പം ടെന്റ് ക്യാമ്പിങ്ങും ഇവിടെ ധാരാളമുണ്ട്. ഇതോടൊപ്പം ഇവിടത്തെ മൺവീടുകളും ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. സഞ്ചാരികളുടെ വരവ് വർധിച്ചതോടെ മൂന്നാർ ടൂറിസത്തിന്റെ പ്രധാന ഗുണഭോക്താവായി മാറുകയാണ് അതിർത്തി ഗ്രാമമായ വട്ടവട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.