മൂന്നാർ: സമയോചിത ഇടപെടലിലൂടെ അമ്മയുടെയും നവജാത ശിശുവിെൻറയും ജീവൻ രക്ഷിച്ച വട്ടവടയിലെ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിനിടയിലും നവജാത ശിശുവിനെയും അമ്മയെയും രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണന്നും മാതൃകാപരമായി പ്രവർത്തിച്ച ജീവനക്കാരുടെ ആത്മാർഥത അഭിനന്ദനീയമാണെന്നും മന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു.
വട്ടവട കോവിലൂർ സ്വദേശി കൗസല്യക്ക്(30) ചൊവ്വാഴ്ച പുലര്‍ച്ച 1.55നാണ് പ്രസവ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ 108 ആംബുലന്‍സിെൻറ സേവനവും തേടി. കണ്ട്രോള് റൂമില്‍നിന്ന് അടിയന്തര സന്ദേശം വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ബി.എസ്. അജീഷ്, പൈലറ്റ് നൗഫല്‍ ഖാന് എന്നിവര്‍ ഉടന്‍ സ്ഥലത്തേക്ക് തിരിച്ചു. യാത്രാമധ്യേ കൗസല്യയുടെ നില വഷളായി കാറില്‍ യാത്ര തുടരാനാവാത്ത അവസ്ഥയിലെത്തി. പാമ്പാടുംചോല ദേശീയ പാര്ക്കിന് സമീപം കനിവ് 108 ആംബുലന്‍സ് എത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ കൗസല്യയെ ആംബുലന്‍സിലേക്ക് മാറ്റാനാവില്ലെന്ന് മനസ്സിലായി. ഉടന്‍ തന്നെ അജീഷും നൗഫലും കാറിനുള്ളിൽ സൗകര്യം ഒരുക്കി. പുലർച്ച 2.15ന് കാറിനുള്ളില്‍ കുഞ്ഞിന് ജന്മം നല്കി. പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സിലേക്ക് മാറ്റി. ആദ്യം മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയിലും തുടര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വട്ടവടയിലെ ചികിത്സ അസൗകര്യങ്ങളെക്കുറിച്ച് 'മാധ്യമം' ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.