മൂന്നാർ: നാടും നഗരവും വേനൽച്ചൂടിൽ ചുട്ടുപൊള്ളുമ്പോൾ സുഖശീതള കുളിരിലാണ് മൂന്നാറെങ്കിലും സഞ്ചാരികളുടെ വരവിൽ വൻ കുറവ്. മൂന്നാർ മാത്രമല്ല ജില്ലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് കുറവാണ്. പരീക്ഷക്കാലമാണെന്നതും സാമ്പത്തിക വർഷാവസാനമാണെന്നതുമാണ് ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് നിലക്കാൻ കാരണം. കുറച്ച് വിദേശികളും ഉത്തരേന്ത്യൻ സഞ്ചാരികളും മാത്രമാണ് ഇപ്പോൾ മൂന്നാറിലെത്തുന്നത്.
മാർച്ച് ആദ്യവാരം വരെ തമിഴ്നാട്ടിലെ കലാലയങ്ങളിൽനിന്നുള്ള പഠനയാത്രകൾ ഉൾപ്പെടെ ഒട്ടേറെ സഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ, അവിടെയും പരീക്ഷക്കാലമായത് തമിഴ് സഞ്ചാരികളുടെ വരവിനെ ബാധിച്ചു. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് ഇരവികുളം ദേശീയോദ്യാനം അടച്ചിട്ടിരിക്കുകയാണ്. തിരക്ക് സമയങ്ങളിൽ മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിന് മാത്രം ദിവസേന അയ്യായിരത്തോളം സന്ദർശകർ എത്തിയിരുന്നു. എന്നാൽ, ഇപ്പോഴത് ശരാശരി ആയിരത്തിലെത്തി.
പകൽ താപനില 27 ഡിഗ്രി വരെ ഉയർന്നെങ്കിലും വൈകീട്ടും രാത്രിയിലും രാവിലെയും സുഖകരമായ കാലാവസ്ഥയാണിപ്പോൾ മൂന്നാറിൽ. മൂന്നുദിവസം തുടർച്ചയായി ലഭിച്ച വേനൽമഴ പകൽച്ചൂട് കുറയാനും കാരണമായി. മൂന്നാറിലെ ഏറ്റവും തിരക്ക് സീസണാണ് മാധ്യവേനലവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങൾ. കോവിഡിനുശേഷം ക്രമേണ പൂർവസ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന മൂന്നാറിൽ വരും മാസങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ സാമാന്യം തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് ടൂറിസം അധികൃതർ പറയുന്നത്. കോവിഡിനുശേഷം തദ്ദേശീയരായ സഞ്ചാരികളാണ് കൂടുതലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നതെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.