മൂന്നാർ: പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും വിടരുംമുമ്പേ പറന്നകന്ന കുഞ്ഞുങ്ങൾക്ക് മിഠായിയും നെല്ലിക്കയും പൊട്ടും വളയും ഒക്കെയായി രക്ഷിതാക്കൾ എത്തി. 1984 നവംബർ ഏഴിന് മൂന്നാർ ഹൈറേഞ്ച് ക്ലബിന് സമീപത്തെ തൂക്കുപാലം തകർന്ന് മരിച്ച കുട്ടികളുടെ ഓർമദിവസമായ തിങ്കളാഴ്ചയാണ് രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളുമായി വിദ്യാർഥി സ്മാരകത്തിൽ എത്തിയത്. റിബൺ, സ്ലെയിഡ്, പൂക്കൾ തുടങ്ങിയവ അവർ മക്കൾക്കായി സ്മാരകത്തിൽ സമർപ്പിച്ചു.
മൂന്നാർ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളായിരുന്നു മരിച്ച 14 കുട്ടികളും. ഹൈറേഞ്ച് ക്ലബ് മൈതാനിയിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാനുള്ള ആവേശത്തിൽ ഓടിയെത്തിയ കുട്ടികളാണ് തൂക്കുപാലം തകർന്ന് മുതിരപ്പുഴയാറിൽ മുങ്ങി മരിച്ചത്. ക്ലബ് മൈതാനിയിലേക്കുള്ള കവാടം അടച്ചതിനാൽ പാലത്തിൽ കയറിയ കുട്ടികൾക്ക് മുന്നോട്ടും പിന്നോട്ടും പോകാനായില്ല. പിന്നിൽനിന്ന് കൂടുതൽ കുട്ടികൾ വന്നതോടെ ഭാരം താങ്ങാനാകാതെ പാലം പൊട്ടി വീഴുകയായിരുന്നു.
മൂന്നാർ ഗവ. ഹൈസ്കൂൾ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിദ്യാർഥി സ്മാരകത്തിൽ അനുസ്മരണ യോഗം നടത്തി. അന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരും പങ്കെടുത്തു. മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജെ. ബാബു അധ്യക്ഷത വഹിച്ചു. മൂന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജേന്ദ്രൻ, ജി. മോഹൻകുമാർ, കെ.എം. അലിക്കുഞ്ഞ്, സജീവ് ഗ്രീൻലാൻഡ്, രാമരാജ്, സി. ശരവണൻ, ആർ. മോഹൻ, എ. സുരേഷ്, സണ്ണി ഇലഞ്ഞിക്കൽ, അംബിക, സലീമ, ജോൺ വിക്ടർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.