മൂന്നാർ: നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം വനത്തിലേക്ക് മടങ്ങാതെ ജനവാസ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചതോടെ മൂന്നാർ നിവാസികൾ ഭീതിയിൽ. രണ്ടാഴ്ചയായി ടൗണിലും കോളനിയിലുമായി വിഹരിക്കുന്ന ആനകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഏറെക്കാലമായി മൂന്നാറിൽ കാട്ടാന ശല്യം ഉണ്ടെങ്കിലും ടൗണിൽ എത്തുന്നത് വിരളമായിരുന്നു. വനമേഖലയോട് ചേർന്ന രാജമല, അഞ്ചാംമൈൽ, മാട്ടുപ്പെട്ടി, കുണ്ടള, നല്ലതണ്ണി, ദേവികുളം എന്നിവിടങ്ങളിൽ ആനയുടെ സാന്നിധ്യം പതിവായിരുന്നു.
എന്നാൽ, അടുത്തിടയായി ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലും മൂന്നാർ ടൗണിനുള്ളിലും വരെ ആനക്കൂട്ടം എത്തുന്നു. കടകളേറെയുള്ള ടൗണിലെ തിരക്കേറിയ നല്ലതണ്ണി കവലയിൽ ആനകൾ എത്തുന്നത് പതിവ് കാഴ്ചയാണ്. നിരവധി റിസോർട്ടുകളും വീടുകളുമുള്ള ജനവാസ കേന്ദ്രമായ ഇക്കാനഗറിലും കാട്ടാനക്കൂട്ടം വിലസുകയാണ്.
ഇക്കാനഗറിൽ കഴിഞ്ഞ ആഴ്ച എത്തിയ രണ്ടാനകൾ മുൻ എം.എൽ.എ എസ്. രാജേന്ദ്രെൻറ എം.എൽ.എയുടെ വീടിന് മുന്നിലെ കൃഷികൾ ഭക്ഷണമാക്കിയാണ് മടങ്ങിയത്. പുലർച്ച മൂന്നു മണിക്ക് എത്തിയ ഇവ മടങ്ങിയത് പത്ത് മണിയോടെ ആണ്.
ചൊവ്വാഴ്ച ഉച്ചയോടെ ടൗണിനടുത്തുള്ള മുരുകൻ കോവിലിന് സമീപം രണ്ട് ആനകളെത്തി. ഇവ രാത്രിയാണ് മടങ്ങിയത്. ഇന്നലെ പകൽ മുഴുവൻ ഇക്കാനഗറിലും കോളനിഭാഗത്തുമായി മൂന്ന് ആനകളുണ്ടായിരുന്നു. കാട്ടാനശല്യം പതിവായതോടെ കുട്ടികളും മുതിർന്നവരും വീടിന് പുറത്തിറങ്ങാൻ ഭയക്കുകയാണ്. ലോക്ഡൗൺ മൂലം റോഡുകൾ വിജനമായതും ടൗണിൽ തിരക്ക് കുറഞ്ഞതുമാകാം ആനകളെ ആകർഷിക്കുന്നെതന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.