മൂന്നാർ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ-ദേവികുളം ഗ്യാപ് റോഡിൽ മലയിടിഞ്ഞു. ഞായറാഴ്ച രാത്രി 11.30ഒാടെ തുടങ്ങിയ മലയിടിച്ചിൽ ചെറിയതോതിൽ തുടരുകയാണ്. ഇൗ സാഹചര്യത്തിൽ റോഡിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ച് ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ഉത്തരവിട്ടു. ഞായറാഴ്ച വൈകീട്ട് മഴ ശക്തമായതോടെ ബൈസൻവാലി റോഡിെൻറ 100 മീറ്റർ മാറി രാത്രി വലിയ പാറക്കൂട്ടങ്ങൾ ഇടിഞ്ഞ് വീഴുകയായിരുന്നു. ദേശീയപാതയിലും താഴെ പറമ്പിലുമായി പാറയും മണ്ണും കൂടിക്കിടക്കുകയാണ്. ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ പതിവായ ഭാഗത്തുതന്നെയാണ് വീണ്ടും മണ്ണിടിഞ്ഞത്. 2020 സെപ്റ്റംബർ 24ന് ഇതിനുസമീപം മലയിടിഞ്ഞിരുന്നു. ഗ്യാപ് റോഡിന് മുകൾഭാഗത്ത് നിരവധി നീർച്ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച പകലും നേരിയതോതിൽ മണ്ണിടിച്ചിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇത് മുന്നിൽക്കണ്ടാണ് താൽക്കാലികമായി ഗതാഗതം നിരോധിച്ചത്. റോഡ് പൂർണമായും അടഞ്ഞതോടെ മൂന്നാറിൽനിന്ന് പൂപ്പാറയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. തേനി, തേക്കടി യാത്രക്കാർ ആനച്ചാൽ, രാജാക്കാട് വഴി തിരിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന സ്ഥലം റവന്യൂസംഘം സന്ദർശിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.