മൂന്നാർ: പുതുവത്സരം ആഘോഷമാക്കാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പെടാപ്പാടിൽ. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഒരേസമയം വൻതിരക്ക് അനുഭവപ്പെട്ടതോടെയാണ് മതിയായ സേനാംഗങ്ങളില്ലാതെ പൊലീസ് വലയുന്നത്.
അവധിക്കാലമെത്തിയതോടെ മൂന്നാറിലേക്ക് എത്തുന്ന എല്ലാവഴികളിലും ഒരുപോലെ തിരക്ക് വർധിച്ചു. ഒരാഴ്ചയായി അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും പൊലീസിെൻറ എണ്ണക്കുറവ് വലിയ പ്രശ്നമാകുകയാണ്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമലയിലേക്ക് തിരിയുന്ന അഞ്ചാം മൈൽ, മാട്ടുപ്പെട്ടിയിലേക്കുള്ള റോഡ്, വട്ടവട റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് മുറുകി. അതേസമയം, ടൗണിലെ തിരക്കുകൂടി ആകുമ്പോൾ പൊലീസിെൻറ നിയന്ത്രണത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ പോകുകയാണ്.
ടൗണിലേക്ക് നാലുവശത്തുനിന്ന് വാഹനങ്ങൾ ഒഴുകി എത്തുന്നതിനൊപ്പം നിയന്ത്രണം ലംഘിച്ച് ടൗണിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളും ഗതാഗതക്കുരുക്ക് വർധിപ്പിക്കുകയാണ്.
മാട്ടുപ്പെട്ടി, എക്കോ പോയൻറ്, കുണ്ടള, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിലും തിരക്ക് കൂടുന്നതിനനുസരിച്ച് ജനങ്ങൾ ബുദ്ധിമുട്ടിലാകുന്നു. കഴിഞ്ഞ 10 ദിവസത്തിനകം ഒന്നര ലക്ഷത്തിലധികം പേർ മൂന്നാറിലെത്തിയെന്നാണ് കണക്ക്.
ഇവരും ഇവരുടെ വാഹനങ്ങളും കൂടിയായതോടെ ഗതാഗത നിയന്ത്രണം നടപ്പാക്കാൻ പൊലീസ് വലഞ്ഞു. കൂടുതൽ പൊലീസ് സേനയെ പുതുവർഷത്തോടനുബന്ധിച്ച് മൂന്നാർ മേഖലയിൽ വിന്യസിച്ചില്ലെങ്കിൽ തിരക്കും ഗതാഗതക്കുരുക്കും വർധിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.