മൂന്നാർ: പരിസ്ഥിതി പ്രേമികൾക്ക് ജൈവ വൈവിധ്യ കാഴ്ചയൊരുക്കുന്ന മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡൻ, അഞ്ചുകോടിയുടെ രണ്ടാംഘട്ട വികസനത്തിലേക്ക്. മൂന്നാറിനും ദേവികുളത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വിനോദ വിജ്ഞാന കേന്ദ്രമാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കുന്നത്.
മുതിരപ്പുഴയാറിനും കൊച്ചി-ധനുഷ്കോടി ദേശീയപാതക്കും ഇടയിലുള്ള അഞ്ചേക്കർ സ്ഥലത്ത് കഴിഞ്ഞ വർഷമാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ബൊട്ടാണിക്കൽ ഗാർഡൻ ആരംഭിച്ചത്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം തേടിയെത്തുന്ന സഞ്ചാരികൾക്ക് വിജ്ഞാനം പകരുന്ന വിശ്രമസങ്കേതം എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റവന്യൂ പുറേമ്പാക്ക് ഭൂമി വിനോദസഞ്ചാര വകുപ്പ് പാട്ടത്തിന് എടുത്ത് നാലരക്കോടി രൂപ മുടക്കിയാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച 90 ലക്ഷവും വിനിയോഗിച്ചു.
വിദേശീയരടക്കം സഞ്ചാരികൾക്ക് മൂന്നാറിെൻറ മനോഹാരിത ആസ്വദിക്കാനുതകുന്ന എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. മഴക്കാലത്തും ജൈവവൈവിധ്യ പാർക്ക് ഉപയോഗിക്കാൻ കഴിയുന്ന റെയിൻ ഷെൽറ്റർ, ഗ്ലാസ് ഹൗസ്, ഓപൺ തിയറ്റർ, വാച്ച് ടവർ, കുട്ടികളുടെ പാർക്ക്, വായനകേന്ദ്രം, ശുചിമുറി സമുച്ചയം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധതരം ചെടികൾ, റോസ് ഗാർഡൻ, സ്ട്രോബറി, കാബേജ്, ആപ്പിൾ, ഓറഞ്ച് തുടങ്ങിയ കൃഷികളുമുണ്ട്. തുടക്കത്തിൽതന്നെ ജനശ്രദ്ധ നേടിയ ബൊട്ടാണിക്കൽ ഗാർഡെൻറ രണ്ടാംഘട്ട വികസനത്തിന് വിനോദസഞ്ചാര വകുപ്പ് അഞ്ച് കോടി അനുവദിക്കുകയായിരുന്നു. ഇതോടെ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ പദ്ധതിയിൽ സിനിമ തിയറ്റർ, വ്യാപാര സമുച്ചയം, ചുറ്റുമതിൽ, പുഴയോര നവീകരണം, പഠനകേന്ദ്രം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മൂന്നാറിെൻറ വിനോദസഞ്ചാര സാധ്യതകൾ വർധിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.