തൊടുപുഴ: ഹൈകോടതി നിർദേശപ്രകാരം മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാർ രൂപവത്കരിച്ച ദൗത്യസംഘം അവലോകന യോഗം ചേർന്നു. സമയബന്ധിത ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കലക്ടർ ഷീബ ജോർജ് അറിയിച്ചു. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ വിവിധ വില്ലേജുകളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. സബ് കലക്ടർമാരായ ഡോ. അരുൺ എസ്. നായർ, രാഹുൽ കൃഷ്ണശർമ, ഡെപ്യൂട്ടി കലക്ടർമാരായ കെ. മനോജ്, കെ.പി. ദീപ, ഉന്നത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 19ന് രണ്ടിടങ്ങളിലായി 229.76 ഏക്കർ കൈയേറ്റ ഭൂമിയാണ് ഒഴിപ്പിച്ചത്.
ചിന്നക്കനാൽ വില്ലേജിൽ സർവേ നമ്പർ 209/2ൽ ഉൾപ്പെടുന്ന 02.2482 ഹെക്ടർ (5.55 ഏക്കർ) സർക്കാർ ഭൂമിയിലെ കൈയേറ്റമാണ് സംഘം 19ന് ഒഴിപ്പിച്ചത്. കൂടാതെ അന്നുതന്നെ കലക്ടറുടെ നിർദേശ പ്രകാരം ദേവികുളം താലൂക്കിൽ ആനവിരട്ടി വല്ലേജിൽ 90.3645 ഹെക്ടർ (224.21 ഏക്കർ) സ്ഥലവും കെട്ടിടവും റവന്യൂ സംഘം ഏറ്റെടുത്തു. ഇതിനിടെ കൈയേറ്റം ഒഴിപ്പിക്കൽ മെല്ലെപ്പോക്കിലാണെന്ന വിമർശനവും വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. 19ന് ഒഴിപ്പിക്കൽ നടന്ന ശേഷം ഒരാഴ്ചയായിട്ടും തുടർ നടപടികളുണ്ടായിട്ടില്ല.
ഒഴിപ്പിക്കൽ ഒറ്റപ്പെട്ട സംഭവമാണെന്നും കൂടുതൽ നടപടികളുണ്ടാവില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞത് വിവാദമായിരുന്നു. 2007ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് മൂന്നാർ ദൗത്യത്തിന്റെ തുടക്കം. കെ. സുരേഷ്കുമാർ സ്പെഷൽ ഓഫിസറായും ക്രൈംബ്രാഞ്ച് ഐ.ജി ഋഷിരാജ് സിങ്, കലക്ടർ രാജു നാരായണസ്വാമി എന്നിവർ അംഗങ്ങളുമായ ദൗത്യസംഘം ചട്ടവിരുദ്ധമായി നൽകിയ പട്ടയങ്ങൾ റദ്ദാക്കി അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. പാർട്ടി ഓഫിസുകളിലേക്കടക്കം നടപടി എത്തിയതോടെ ഒഴിപ്പിക്കൽ വൻ രാഷ്ട്രീയ വിവാദമാകുകയും പിന്നാലെ ദൗത്യസംഘം മലയിറങ്ങുകയുമായിരുന്നു. 2011ൽ യു.ഡി.എഫ് സർക്കാറിന്റെ തുടക്കത്തിൽ മറ്റൊരു ദൗത്യസംഘത്തെ മൂന്നാറിലേക്ക് അയച്ചെങ്കിലും താമസമില്ലാതെ ഇതും നിലച്ചു. മുൻ ദൗത്യസംഘങ്ങളുടെ അവസ്ഥ ഇപ്പോൾ രൂപവത്കരിച്ച സംഘത്തിനും ഉണ്ടാകുമോ എന്ന സംശയം പങ്കുവെക്കുന്നവരുണ്ട്. അതേസമയം, പൂജ അവധിയായതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ ഉണ്ടാകാതിരുന്നതെന്നാണ് റവന്യൂ അധികൃതർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.