മൂന്നാർ: 99ലെ വെള്ളപ്പൊക്കം എന്ന പേരിൽ ചരിത്രത്തിൽ ഇടം പിടിച്ച മഹാപ്രളയത്തിന് 99 വയസ്സ്. അതിരുകളും അടയാളങ്ങളും മാത്രമല്ല അതുവരെയുള്ള മൂന്നാറിന്റെ ചരിത്രംതന്നെ മായ്ക്കപ്പെട്ട പ്രളയം ഉണ്ടായത് 1924 ജൂലൈയിലായിരുന്നു. കൊല്ലവർഷം 1099ലായിരുന്നു സംഭവം എന്നതിനാലാണ് 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത്. മൂന്നാറിൽ മാത്രം നൂറോളം പേരാണ് പ്രളയത്തിൽ ഒലിച്ചുപോയത്.
1924 ജൂലൈ മാത്രം മൂന്നാറിൽ രേഖപ്പെടുത്തിയത് 485 സെ.മീ. മഴയായിരുന്നു. അതിശക്തമായ നീരൊഴുക്കിനെ തുടർന്ന് മാട്ടുപ്പെട്ടിയിൽ രണ്ട് മലകൾക്കിടയിലായി മരങ്ങളും പാറകളും ചളിയും വന്നടിഞ്ഞു. കുണ്ടള മേഖലയിലുണ്ടായ നിരവധി ഉരുൾപൊട്ടലിനെ തുടർന്ന് ഇതൊരു പ്രകൃത്യാതടയണയായി രൂപപ്പെടുകയായിരുന്നു. ജൂലൈ 24ന് ഭാഗികമായി തകർന്ന ഈ തടയണ മൂന്ന് ദിവസം കഴിഞ്ഞ് പൂർണമായി തകർന്നു.
യൂറോപ്യൻ മാതൃകയിൽ മൂന്നാറിൽ സ്ഥാപിച്ച റെയിൽപാളങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ, വൈദ്യുതി വിതരണ ശൃംഖല, കുണ്ടളവാലി റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയെല്ലാം ഒലിച്ചുപോയി. തേയില ഫാക്ടറികൾ പലതും തകർന്നു. ഇവിടെ നിന്ന് തൂത്തുക്കുടി തുറമുഖത്തേക്ക് തേയിലയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും എത്തിക്കുന്നതിന് 1902ൽ സ്ഥാപിച്ചതായിരുന്നു മൂന്നാറിൽനിന്ന് ടോപ് സ്റ്റേഷൻ വരെയുള്ള കുണ്ടളവാലി റെയിൽവേ. ടോപ് സ്റ്റേഷനിൽനിന്ന് റോപ് വേ വഴി തമിഴ്നാട്ടിലെ കൊരങ്ങിണിയിലെത്തിച്ച് അവിടെനിന്നാണ് റോഡ്മാർഗം തൂത്തുക്കുടിയിലേക്ക് കൊണ്ടു പോയിരുന്നത്.
മാട്ടുപ്പെട്ടിയിൽനിന്ന് 17 കിലോമീറ്റർ താഴെ പള്ളിവാസൽ മലനിരകളിലുണ്ടായിരുന്ന സ്വാഭാവിക തടാകം പൊട്ടിയതും നാശനഷ്ടം വർധിപ്പിച്ചു. പള്ളിവാസലിലെ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ മണ്ണിനടിയിലായി. മാങ്കുളം കരിന്തിരിമല ഇടിഞ്ഞില്ലാതെയായി. പെരിയാറിന്റെ കൈവഴിയായിരുന്നു കരിന്തിരിയാർ. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽനിന്ന് മണികണ്ഠൻചാൽ, പൂയംകുട്ടി, പെരുമ്പംകുത്ത്, മാങ്കുളം വഴി മൂന്നാറിലേക്ക് ഉണ്ടായിരുന്ന പാത തകർന്നു. ഇതോടെ മൂന്നാറിന് പുറംലോകവുമായുള്ള ബന്ധം അറ്റു. 1931ലാണ് നേര്യമംഗലം വനമേഖലയിലൂടെ പുതിയ പാത പണിതത്. പ്രളയം തുടച്ചുനീക്കിയ മൂന്നാർ പട്ടണം രണ്ട് വർഷംകൊണ്ട് പുനർനിർമിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.