മൂന്നാർ: രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയിൽ മൂന്നാറിൽ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗവ. കോളജിെൻറ മുന്നിലും മറയൂർ റോഡിൽ എട്ടാം മൈലിലുമാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിൽ പതിവായ ഗവ. കോളജ് കാമ്പസിെൻറ പരിധിയിലാണ് വ്യാഴാഴ്ച രാത്രി വീണ്ടും മണ്ണിടിഞ്ഞത്. കോളജിെൻറ പഴയ ലൈബ്രറി കെട്ടിടത്തിെൻറ അസ്ഥിവാരം തകരുന്ന നിലയിലാണ് ഇപ്പോഴത്തെ മണ്ണിടിച്ചിൽ. വലിയ തിട്ട അപ്പാടെ ഇടിഞ്ഞ് റോഡിലേക്കുവീണു. വന്മരങ്ങളും പാറക്കല്ലുകളും ചേർന്ന് താഴേക്ക് പതിച്ചതോടെ ചെറുവാഹനങ്ങൾക്കുപോലും സഞ്ചരിക്കാൻ കഴിയാത്തവിധം റോഡിൽ മണ്ണ് നിറഞ്ഞു. ഇതോടെ ഇതുവഴി ഗതാഗതം രാവിലെ മുതൽ അധികൃതർ നിരോധിച്ചു. ഉച്ചയോടെ മണ്ണ് നീക്കാൻ തുടങ്ങിയെങ്കിലും വാഹനങ്ങൾ കടത്തിവിടുന്നത് അപകടമാണെന്ന നിലപാടിലാണ് റവന്യൂ, പൊലീസ് അധികൃതർ.
അന്തർസംസ്ഥാന പാതയായ ഉദുമൽപേട്ട റോഡിൽ എട്ടാംമൈൽ ഭാഗത്താണ് മണ്ണിടിഞ്ഞത്. റോഡിലേക്ക് കല്ലും ചളിയും നിറഞ്ഞൊഴുകിയതോടെ ഇതുവഴി ഗതാഗതം നിലച്ചു. ഉച്ചകഴിഞ്ഞ് മണ്ണ് ഭാഗികമായി നീക്കിയശേഷം വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. കനത്തമഴയും ശക്തമായ കാറ്റും മേഖലയിൽ തുടരുന്നതിനാൽ കനത്ത ജാഗ്രതയിലാണ് ജനങ്ങൾ. നല്ലതണ്ണിയാറും മുതിരപ്പുഴയും നിറഞ്ഞൊഴുകുകയാണ്. പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം കവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്.
ദേവികുളം റോഡിലെ ഗവ. കോളജിെൻറ 12 ഏക്കർ ഭൂമിയും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. 2004ലാണ് ആദ്യമായി മണ്ണിടിച്ചിൽ ഉണ്ടായത്. അന്ന് പ്രധാന കെട്ടിടങ്ങളെല്ലാം തകർന്നു. അതോടെ കോളജ് പ്രവർത്തനം അവിടെനിന്ന് മാറ്റി. 2018ലും കോളജിെൻറ പകുതി സ്ഥലവും തകർത്ത് മണ്ണിടിഞ്ഞു. അതോടെ കോളജിെൻറ പ്രവർത്തനം അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുശേഷമാണ് കഴിഞ്ഞമാസം വീണ്ടും അരക്കിലോമീറ്ററിനുള്ളിൽ കോളജിെൻറ തിട്ട മൂന്നിടത്ത് വീണ്ടും വൻതോതിൽ ഇടിഞ്ഞത്. ഇതോടെ കെട്ടിടങ്ങൾ പൊളിക്കണമെന്ന് സബ് കലക്ടർ റിപ്പോർട്ടും നൽകി. അതേ ഭാഗത്ത് തന്നെയാണ് ഇപ്പോൾ മണ്ണിടിഞ്ഞത്. ഇനിയും മണ്ണിടിഞ്ഞാൽ വലിയ കെട്ടിടങ്ങൾ സഹിതം റോഡിലേക്ക് മറിയുമെന്നാണ് ആശങ്ക. മഴ തുടരുന്നതിനാൽ ജാഗ്രതയിലാണ് അധികൃതരും.
സന്ധ്യയോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മൂന്നാറിന് സമീപം പെരിയവാര റോഡിലും നല്ലതണ്ണി റോഡിലുമാണ് വീണ്ടും മണ്ണിടിഞ്ഞത്.
പെരിയാവാര റോഡ് ഇടിഞ്ഞ് ആറ്റിലേക്ക് വീണതോടെ യാത്ര തടസ്സപ്പെട്ടു. മഴ തുടരുന്നതിനാൽ ഇവിടെ വീണ്ടും മണ്ണ് ഇടിയുമെന്നാണ് കരുതുന്നത്. നല്ലതണ്ണി റോഡിലേക്ക് മുകളിൽ നിന്നും മണ്ണ് വൻതോതിൽ വീണതോടെ ഇവിടെയും ഗതാഗതം തടസപ്പെട്ടു.
കാറ്റിലും മഴയിലും വിറച്ച് മലയോരം
തൊടുപുഴ: ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ദേവികുളം, പീരുമേട് താലൂക്കുകളിൽ കനത്ത മഴയാണ് വെള്ളിയാഴ്ച വരെ പെയ്തത്. ദേവികുളം- 119.6 മി.മി, പീരുമേട്-95 മി.മി, ഉടുമ്പൻ ചോല-48.2 മി.മി, ഇടുക്കി- 27.8 മി.മി, തൊടുപുഴ-15.8 മി.മി എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ രേഖപ്പെടുത്തിയ മഴ. 24 മണിക്കൂറിനിടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരടി വെള്ളം ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കി അണക്കെട്ടിൽ 2364.40 അടിയും മുല്ലപ്പെരിയാറിൽ 130.25 അടിയുമായിരുന്ന ജലനിരപ്പ് വെള്ളിയാഴ്ച 2365.20, 131.50 എന്നിങ്ങനെയാണ് ഉയർന്നത്.
മൂന്നാർ സർക്കാർ കോളജിന് സമീപവും മൂന്നാർ-മറയൂർ റോഡിലുമാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിലേക്ക് മണ്ണിടിച്ചില്‍ മരച്ചില്ലകള്‍ എന്നിവ വീഴാന്‍ സാധ്യതയുള്ളതിനാൽ പൊതുജനങ്ങള്‍ രാത്രികാലയാത്ര ഒഴിവാക്കണമെന്ന് ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
ജലാശയങ്ങള്‍, പുഴ, തോട് മുതലായവയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുമെന്നതിനാല്‍ പൊതുജനങ്ങള്‍, മീന്പിടിക്കുന്നവര്, വിനോദസഞ്ചാരികള്‍ മുതലായവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജില്ലയിലെ വിനോദസഞ്ചാര മേഖലകളില്‍ ആവശ്യമായ അപായ സൂചനകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഡി.ടി.പി.സി ഉറപ്പാക്കണം.
ശക്തമായ കാറ്റ് മൂലം മരച്ചില്ലകള്‍ വീണ് വൈദ്യുതി കമ്പി പൊട്ടി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അപകടസാധ്യത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കലക്ടർ പറഞ്ഞു. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാല്‍, എല്ലാവിധ കൂടിച്ചേരലുകളും പൊതുപരിപാടികളും നിരോധിച്ചിട്ടുണ്ടെന്നും അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
ക്വാറൻറീൻ കോവിഡ് മാനദണ്ഡങ്ങള്‍ എന്നിവയുടെ ലംഘനം നടത്തുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പ്/സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക എന്നതും ശീലമാക്കണമെന്നും ജില്ല കലക്ടര്‍ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.