മൂന്നാർ: മൂന്നാറിന് അനുവദിച്ച മൾട്ടി സ്പെഷാലിറ്റി ആശുപത്രി യാഥാർഥ്യമാകാൻ സാധ്യത തെളിഞ്ഞു. 78.25 കോടി രൂപ ചെലവിൽ ആശുപത്രി നിർമിക്കാൻ ഭൂമി വിട്ടുനൽകി റവന്യു വകുപ്പ് ഉത്തരവിറക്കി. ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം അഞ്ചേക്കർ (1.9818 ഹെക്ടർ) ഭൂമിയാണ് ഉടമസ്ഥാവകാശവും നിയന്ത്രണാധികാരവും റവന്യു വകുപ്പിൽ നിലനിർത്തി ഉപയോഗവും കൈവശാനുഭവവും ആരോഗ്യ വകുപ്പിന് കൈമാറി ഉത്തരവായത്.
കെ.ഡി.എച്ച് വില്ലേജിലെ സർവേ നമ്പർ 20/1ൽ പെട്ടതും നിലവിൽ സാമൂഹികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നതുമായ ഭൂമിക്ക് സമീപത്തായാണ് വർഷങ്ങൾക്കു മുമ്പ് സർക്കാർ പ്രഖ്യാപിച്ച മൂന്നാർ ഗവ. മൾട്ടി സ്പെഷാലിറ്റി ആശുപത്രി തുടങ്ങുന്നത്. കിഫ്ബിയുടെ സഹകരണത്തോടെ ആശുപത്രി നിർമിക്കാനാണ് തീരുമാനം.
വർഷങ്ങളായി കാടുകയറി കിടന്ന ഭൂമിയിൽ കിഫ്ബി, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി ആശുപത്രി കെട്ടിടങ്ങൾ നിർമിക്കാൻ അനുയോജ്യമെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
തുടർന്നാണ് ലാൻഡ് റവന്യൂ കമീഷണർ, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഭൂമി കൈമാറാൻ തീരുമാനമായത്. 20.92 കോടി രൂപയാണ് ഭൂമിയുടെ അടിസ്ഥാന വിലയായി സർക്കാർ കണക്കാക്കിയിരിക്കുന്നത്. പദ്ധതിക്ക് ഗവർണറുടെ അനുമതി ലഭിച്ചതോടെ കെട്ടിടങ്ങൾ നിർമിക്കുന്നത് ഉൾപ്പെടെ മറ്റ് നടപടികളിലേക്ക് ആരോഗ്യ വകുപ്പ് കടന്നു.
തോട്ടം, ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നാർ മേഖലയുടെ പതിറ്റാണ്ടുകളായ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. നിലവിൽ കോട്ടയം, കൊച്ചി, തേനി എന്നിവിടങ്ങളിലെത്തിയാണ് മൂന്നാർ പ്രദേശത്തുള്ളവർ വിദഗ്ധ ചികിത്സ നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.