മൂന്നാർ: മൂന്നാർ ഗ്രാമപഞ്ചായത്തിൽ വീണ്ടും കാലുമാറ്റം. സി.പി.ഐ അംഗം കോണ്‍ഗ്രസിലേക്ക് മാറിയതോടെ പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങള്‍ അരങ്ങേറി. സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിന് സി.പി.ഐയിലെ ഉമാ രമേശാണ് പത്രിക നല്‍കിയത്. എന്നാല്‍, പാര്‍ട്ടിയിലെ തന്നെ അംഗമായ തങ്കമുടിയും എതിർ സ്ഥാനാർഥിയായി പത്രികനല്കി.
പാര്‍ട്ടിയിലെ ചില അംഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയും ലഭിച്ചതോടെ തങ്കമുടി വിജയിച്ചു. മൂന്ന് പതിറ്റാണ്ടിലധികമായി സി.പി.ഐയിൽ പ്രവര്‍ത്തിക്കുന്ന തന്നെ തഴയുന്നു എന്ന പരാതി ഉയര്‍ത്തിയാണ് തങ്കമുടി സ്വന്തം പാര്‍ട്ടി സ്ഥാനാർക്കെതിരെ മത്സരിച്ചത്. പാര്‍ട്ടി നേതാക്കള്‍ തങ്കമുടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. കൂറുമാറുന്നവരുടെ എണ്ണം ഉയരുന്നതോടെ മൂന്നാര്‍ പഞ്ചായത്തിലെ ഭരണ അനിശ്ചിതാവസ്ഥ തുടരുകയാണ്.
കോണ്‍ഗ്രസില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പ് അട്ടിമറിയിലൂടെ ഇടതുപക്ഷം ഭരണം പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസിൽനിന്ന് മത്സരിച്ച് ജയിച്ച രണ്ടുപേര്‍ പ്രതിപക്ഷത്തേക്ക് മാറിയതോടെയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. ഭരണപക്ഷത്തുനിന്ന് ഒരു അംഗം മറുകണ്ടം ചാടിയതോടെ ഒരാളുടെ മാത്രം അധിക പിന്തുണയുള്ള മൂന്നാര്‍ പഞ്ചായത്തില്‍ ഏതുസമയത്തും ഭരണമാറ്റം ഉണ്ടാകാമെന്നതാണ് അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.