മൂന്നാർ: മാലിന്യത്തിൽനിന്ന് ജൈവവളം ഉൽപാദിപ്പിച്ച് വരുമാനം നേടി മൂന്നാർ പഞ്ചായത്ത്. മൂന്നാർ ടൗൺ മേഖലയിൽനിന്നുമാത്രം ദിവസേന 20 ടൺ വരെ മാലിന്യമാണ് പഞ്ചായത്ത് ശേഖരിച്ച് നീക്കം ചെയ്തിരുന്നത്. കല്ലാറിലെ നിക്ഷേപ കേന്ദ്രത്തിൽ കൊണ്ടുവന്ന് തള്ളിയിരുന്ന ഇവ അവിടെയും വലിയ പാരിസ്ഥിതിക പ്രശ്നമാണ് സൃഷ്ടിച്ചിരുന്നത്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്കും ഇത് ഭീഷണിയായിരുന്നു. ഈ ഭാഗത്തെ തോട്ടം തൊഴിലാളി കുടുംബങ്ങൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്ന സ്ഥിതി വരെയുണ്ടായി.
ഈ സാഹചര്യത്തിലാണ് ഗുണപ്രദമായ രീതിയിൽ ഈ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് പഞ്ചായത്ത് തിരിഞ്ഞത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് കല്ലാറിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ജൈവവള നിർമാണ യൂനിറ്റ് പ്രവർത്തനം ആരംഭിച്ചത്. ടൗൺപ്രദേശത്തെ റിസോർട്ടുകൾ, പച്ചക്കറിക്കടകൾ, വീടുകൾ എന്നിവിടങ്ങളിൽനിന്നായി ദിവസേന രണ്ടായിരത്തോളം കിലോ പച്ചക്കറി അവശിഷ്ടങ്ങളാണ് ശുചീകരണ തൊഴിലാളികൾ ശേഖരിച്ച് നിക്ഷേപ കേന്ദ്രത്തിൽ എത്തിക്കുന്നത്. ഇതുകൂടാതെ 1000 കിലോ മാംസ, ഭക്ഷണ അവശിഷ്ടങ്ങളും ശേഖരിക്കുന്നുണ്ട്. കല്ലാറിലെ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന പിറ്റുകളിൽ 25 ദിവസം സൂക്ഷിക്കുന്ന ഇവ അഴുകി പാകമാകുന്നതോടെ ഇന്നോക്കുലം ചേർത്ത് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പായ്ക്കറ്റുകളിലാക്കി മൂന്നാർ ബയോമിക്സ് എന്ന പേരിലാണ് വിപണനം.
കൃഷിവകുപ്പിനുകീഴിൽ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ബയോ ഫെർട്ടിലൈസർ ആൻഡ് ഓർഗാനിക് മാനുവൽ ക്വാളിറ്റി കൺട്രോൾ പരിശോധനയിൽ എല്ലാ മൂലകങ്ങളും അടങ്ങിയ മികച്ച ജൈവവളമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഏലം കർഷകരിൽനിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ പറയുന്നു.
നവംബറിൽ ഉൽപാദനം തുടങ്ങിയശേഷം ഇതുവരെ അഞ്ചുലക്ഷം രൂപയുടെ വളം ഉത്പാദിപ്പിച്ച് വിൽപന നടത്തി. ഒന്ന്, 10, 50 കിലോ പായ്ക്കറ്റുകളിലാക്കിയാണ് വിപണനം.
കൂടുതൽ അളവിൽ ആവശ്യക്കാർ ഉണ്ടെങ്കിൽ പറയുന്ന സ്ഥലത്ത് എത്തിച്ച് നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി പറയുന്നു. വളം ഓർഡർ ചെയ്യാൻ 9496045025, 9447379845 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.