മൂന്നാർ: ഒരാഴ്ചയായി കന്നിമല, നയമക്കാട് മേഖലയിൽ കറങ്ങിനടക്കുന്ന കാട്ടുകൊമ്പൻ പടയപ്പ തേയില ഫാക്ടറിയുടെ മതിലും ഗേറ്റും തകർത്തു. കണ്ണൻദേവൻ കമ്പനിയുടെ കന്നിമല ഫാക്ടറിയിലാണ് വ്യാഴാഴ്ച രാത്രി 11.15ന് പടയപ്പ എത്തിയത്.
ഫാക്ടറിക്ക് മുന്നിലെ മെയിൻ റോഡിൽ നിലയുറപ്പിച്ച് ഏറെനേരം വാഹനഗതാഗതം തടസ്സപ്പെടുത്തി. ഇതിനുശേഷമാണ് ഫാക്ടറിയുടെ മതിൽ തകർത്ത് അകത്ത് പ്രവേശിച്ചത്. സെക്യൂരിറ്റി കാബിന്റെ മുന്നിലെത്തിയതോടെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ലക്ഷ്മി എസ്റ്റേറ്റ് സ്വദേശി രാമചന്ദ്രൻ ഫാക്ടറിക്കുള്ളിൽ കയറി രക്ഷപ്പെട്ടു.
ഫാക്ടറി പരിസരത്ത് കുറെനേരം ചെലവഴിച്ചശേഷം പിൻഭാഗത്തെ ഗേറ്റ് തകർത്താണ് പുറത്തുപോയത്. ബുധനാഴ്ച പകൽ ഇവിടത്തെ സർക്കാർ യു.പി സ്കൂൾ പരിസരത്തായിരുന്നു ആനയുണ്ടായിരുന്നത്. മൂന്നാറിലെയും മാട്ടുപ്പെട്ടിയിലെയും നിത്യ സന്ദര്‍ശകനായ പടയപ്പ ആളുകളെ അധികം ഉപദ്രവിക്കാറില്ലെങ്കിലും ദിവസങ്ങളായി വിവിധ മേഖലകളിൽ പ്രശ്നം തുടരുകയാണ്. കടകളും മറ്റും തകര്‍ത്ത് ഭക്ഷണസാധനങ്ങള്‍ അകത്താക്കുന്നതും ഗതാഗതതടസ്സം സൃഷ്ടിക്കുന്നതും ഇപ്പോൾ സ്ഥിരമാക്കിയതോടെ ജനങ്ങളും ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.