മൂന്നാര്‍: മുതിരപ്പുഴയാറിന്റെ തണുത്തുമരവിച്ച വെള്ളത്തില്‍ 39 വര്‍ഷം മുമ്പ് മുങ്ങിമരിച്ച വിദ്യാര്‍ഥികളുടെ ഓര്മ പുതുക്കി മൂന്നാര്‍. 14 കുഞ്ഞുങ്ങള്‍ മുങ്ങിമരിച്ച മൂന്നാര്‍ ഹൈറേഞ്ച് ക്ലബിന് സമീപത്ത് നിര്‍മിച്ച വിദ്യാര്‍ഥി സ്മാരകത്തില്‍ ഏഴിന് രാവിലെ 10.30ന് മൂന്നാര്‍ ഗവ.ഹൈസ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കും. ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ ക്ലാസ് മുറികളില്‍നിന്ന് ഇറങ്ങിയോടിയ കുട്ടികളാണ് മരിച്ചത്.
1984 നവംബര്‍ ഏഴിനാണ് ദുരന്തമുണ്ടായത്. മൂന്നാര്‍ ഹൈറേഞ്ച് ക്ലബ് മൈതാനിയില്‍ ഇറങ്ങിയ നാവിക സേനയുടെ ഹെലികോപ്ടര്‍ കാണാൻ ഓടിയതായിരുന്നു കുട്ടികള്‍. രാവിലെ 10.30ഓടെയായിരുന്നു ആ ദുരന്തം. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ റിബണ്‍, വളകള്‍, പൊട്ട്, നെല്ലിക്ക, മിഠായി തുടങ്ങിയവയുമായെത്തി സ്മാരകത്തില്‍ സമര്‍പ്പിക്കും.
മൂന്നാര്‍ ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥികളായിരുന്ന എ. രാജലക്ഷ്മി, എസ്. ജയലക്ഷ്മി, എം. വിജയ, എന്‍. മാരിയമ്മാള്‍, ആര്. തങ്കമല, പി. സരസ്വതി, കല്യാണകുമാര്‍, സുന്ദരി, പി. റാബിയ, ടി. ജെന്‍സി, ടി. ശിബു, പി. മുത്തുമാരി, എസ്. കലയമ്മാള്‍, സി. രാജേന്ദ്രന് എന്നിവരാണ് മരിച്ചത്. എല്ലാവരും തോട്ടം തൊഴിലാളികളുടെ മക്കള്‍. ഹൈറേഞ്ച് ക്ലബിനെ പഴയ മൂന്നാറുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകര്‍ന്ന് വീണാണ് അപകടം.
ധാരാളം കുട്ടികള്‍ എത്തിയതോടെ ഭാരം താങ്ങാനാകാതെ 1942ല്‍ നിര്‍മിച്ച പാലം പൊട്ടിവീണു. 24 കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചെങ്കിലും 12 പേര് ആശുപത്രിയില്‍ മരിച്ചു. രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ കണ്ടുകിട്ടി. സംഭവം അന്വേഷിക്കാന്‍ റിട്ട. ജില്ല ജഡ്ജി എം. പ്രഹ്ലാദനെ കമീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.