തൊടുപുഴ: ദുരന്തത്തിൽ അകപ്പെട്ടവർക്കായി തിരച്ചിലിലേര്‍പ്പെട്ട ദൗത്യസംഘം പെട്ടിമുടിയോട് യാത്ര പറഞ്ഞിറങ്ങി. ഈ മാസം ഏഴുമുതൽ ഉരുളെടുത്ത മേഖലയിൽ ഇവരുണ്ടായിരുന്നു. 18 ദിവസം നടത്തിയ തിരച്ചിലില്‍ ദുര്‍ഘട മേഖലയില്‍നിന്ന് 65 മൃതദേഹം കണ്ടെത്തി. അഞ്ചുപേരെ കണ്ടെത്താനാവാത്തതിെൻറ വിഷമത്തിലുമായിരുന്നു സംഘത്തിെൻറ മലയിറക്കം. എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങള്‍ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ട റോഡ് ഗതാഗതയോഗ്യമാക്കി അഗ്നിരക്ഷാ സേനയാണ് ആദ്യം പെട്ടിമുടിയിലെത്തിയത്.
പ്രദേശവാസികളോടൊപ്പം അഗ്നിരക്ഷാസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 12 പേരെ രക്ഷപ്പെടുത്താനായി. തുടര്‍ന്ന് പൊലീസും ദേശീയ ദുരന്ത നിവാരണസേനയും ചേര്‍ന്നതോടെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. 18 ദിവസത്തെ തിരച്ചിലില്‍ 65 മൃതദേഹം കണ്ടെടുത്തു. അവസാനദിനങ്ങളില്‍ ഏറ്റവും ദുര്‍ഘടമായ പുഴയും ഭൂതക്കുഴി വനമേഖലയും കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. അവസാന ആളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് അറിയിച്ചങ്കിലും വനമേഖലയിലെ വന്യജീവി സാന്നിധ്യവും മഴയും മഞ്ഞും തിരച്ചിലിന് തിരിച്ചടിയായി. ഗാന്ധിരാജിെൻറ ഭാര്യ റാണി(44), മകള്‍ കാര്‍ത്തിക(21), ഷണ്മുഖനാഥെൻറ മകന്‍ ദിനേഷ് കുമാര്‍(20), പ്രതീഷിെൻറ ഭാര്യ കസ്തൂരി(26), മകള്‍ പ്രിയദര്‍ശിനി(ഏഴ്) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ചെങ്കുത്തായ വഴുക്കലുള്ള പാറയിലും പുഴ ചെന്നുചേരുന്ന അഗാധ ഗര്‍ത്തത്തിലും പ്രത്യേക പരിശീലനം നേടിയ സംഘം തിരച്ചില്‍ നടത്തി. അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണസേന, സന്നദ്ധപ്രവര്‍ത്തകര്‍, സാഹസികസംഘം, വനം-പൊലീസ്-റവന്യൂ-പഞ്ചായത്ത് വകുപ്പുകളും കെ.ഡി.എച്ച്.പി കമ്പനി, പ്രദേശവാസികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഏകോപിപ്പിച്ചാണ് തിരച്ചില്‍ നടത്തിയത്. കലക്ടര്‍ എച്ച്. ദിനേശെൻറ നേതൃത്വത്തില്‍ ജില്ല ആസ്ഥാനത്തെ ദുരന്തനിവാരണ വിഭാഗം പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ചിരുന്നു.
ദുഷ്‌കരമായ ഭൂതക്കുഴി വനമേഖലയിലൂടെ ചെന്നെത്താന്‍ കഴിയുന്നിടം വരെ തിരച്ചില്‍ നടത്തിയെന്നും പ്രദേശവാസികളുടെ സഹകരണത്തോടെ കാണാതായവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ട മുഴുവന്‍ ഇടങ്ങളിലും പരിശോധിച്ചെന്നും പെട്ടിമുടിയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.
നിരവധി പേരുടെ ഒറ്റക്കെട്ടായുള്ള പ്രയത്‌നമാണ് പെട്ടിമുടി രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ടതെന്ന് സബ് കലക്ടര്‍ എസ്. പ്രേംകൃഷ്ണ പറഞ്ഞു.
തിരച്ചില്‍ താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും പുഴയിലെ ഒഴുക്ക് കുറഞ്ഞ് കാലാവസ്ഥ അനുകൂലമായാല്‍ പ്രദേശവാസികളുടെ സഹായത്തോടെ അഗ്നിരക്ഷാസേന-വനം-പൊലീസ് സേനകളുടെ നേതൃത്വത്തില്‍ പുനരാരംഭിക്കുമെന്ന് കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.