`മൂന്നാർ: ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ (ഡി.സി.സി) സൗകര്യങ്ങളില്ലാതെ കോവിഡ് ബാധിതർ വലയുന്നു. കോവിഡ് വ്യാപനം വർധിച്ചതോടെ ഇടമണ്ണിൽ ആരംഭിച്ച സേവാഭാരതി കെട്ടിടത്തിലെ ഡി.സി.സിയിലാണ് കട്ടിൽപോലും എത്തിക്കാത്തത്. തറയിൽ കിടക്ക മാത്രം ഇട്ടിട്ടുണ്ട്. തലയണയോ പുതപ്പോ കിടക്കവിരിയോ നൽകിയിട്ടില്ലെന്ന് രോഗികൾ പറയുന്നു.
നേരത്തേ ആരംഭിച്ച കേന്ദ്രങ്ങളിലെ രോഗികൾക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. രാവിലെ ഉണ്ടാക്കുന്ന ഒരുകൂട്ടം കറിതന്നെ മൂന്നുനേരവും നൽകുന്നുവെന്നാണ് ആക്ഷേപം. മതിയായ ഭക്ഷണവും പുതപ്പടക്കം സൗകര്യങ്ങളും ഇല്ലെങ്കിൽ രോഗികളുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാകും. ഡി.സി.സികളും സമൂഹ അടുക്കളയും മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് ജില്ല ഭരണകൂടം ആവർത്തിക്കുമ്പോഴും ഇവിടുത്തെ സ്ഥിതി ദയനീയമാണ്.
എന്നാൽ, വട്ടവടയിലെ മറ്റ് രണ്ട് ഡി.സി.സികളിലും മതിയായ സൗകര്യങ്ങളുണ്ടെന്നും ഇടമണ്ണിലെ കേന്ദ്രത്തിൽ കട്ടിൽ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധൻ പറഞ്ഞു. ഫണ്ടിെൻറ പരിമിതിയാണ് പ്രധാന പ്രശ്നം. ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടുദിവസം മുട്ടയും ഞായറാഴ്ച കോഴിയിറച്ചിയും നൽകുമെന്നും വൈസ് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.