മൂന്നാർ: ''എൻ രാസ, നീ എങ്കട, നീ ഇരിക്കണ എടം എനിക്ക് തെരിയല്ലെട, ഏലച്ചണാ നീ എങ്കടി ഇരിക്കെ? അമ്മ ഉന്നെ തേടണെടീ...'' ഒറ്റരാത്രി കൊണ്ട് മണ്ണിലാണ്ടുപോയ ഉറ്റവരുടെ ഓർമകളുമായി എത്തിയ ബന്ധുക്കളുടെ അലമുറയിൽ രാജമലയിലെ തേയിലക്കാടുകൾ വിതുമ്പി. പെട്ടിമുടി ഉരുൾപൊട്ടലിെൻറ ദുരന്ത വാർഷികദിനമായ വെള്ളിയാഴ്ചയും പ്രകൃതിയുടെ കണ്ണീർ തോരാമഴയായി പെയ്തു.
പെട്ടിമുടിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ രാജമലയിലാണ് മരണപ്പെട്ടവരുടെ കല്ലറകൾ. കനത്ത മഞ്ഞും മഴയും തണുപ്പും അവഗണിച്ച് അതിർത്തികടന്നും സമീപ ലയങ്ങളിൽനിന്നും മരണപ്പെട്ടവരുടെ മക്കളും ബന്ധുക്കളുമടക്കം നൂറുകണക്കിനാളുകളാണ് രാവിലെതന്നെ രാജമലയിലെ കല്ലറകളിലെത്തിയത്.
മക്കെളയും കൊച്ചുമക്കെളയും നഷ്ടപ്പെട്ട, പ്രായമായ പലെരയും താങ്ങിയെടുത്താണ് എത്തിച്ചത്. ഓരോ കല്ലറക്കടുത്തും മക്കളുടെയും ബന്ധുക്കളുടെയും പേരുചൊല്ലി വിളിച്ചും നെഞ്ചത്തടിച്ച് കരഞ്ഞും ഓടിയെത്തുന്ന കാഴ്ച കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. മാർബിൾ പാളികളിൽ കൊത്തിവെച്ച പേരുകളിൽ തലോടിയും പൂക്കൾ വെച്ചും പലരും വിങ്ങിപ്പൊട്ടി. പലരും മരണപ്പെട്ടവരുടെ ചിത്രങ്ങൾ നെഞ്ചോടുചേർത്താണ് എത്തിയത്. കല്ലറകളിൽ മാല ചാർത്തിയും പൂക്കൾ വിരിച്ചും കുട്ടികളടക്കം മണിക്കൂറുകൾ മഴയും മഞ്ഞും വകവെക്കാതെ അവിടെ നിലയുറപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾമൂലം ഇ_പാസ് എടുത്താണ് തമിഴ്നാട്ടിൽനിന്നുള്ളവരെത്തിയത്.
സർവമത പ്രാർഥനക്കും ചടങ്ങുകൾക്കുമായി അടുത്ത എസ്റ്റേറ്റിലെ തൊഴിലാളികളും നാട്ടുകാരും എത്തിയിരുന്നു. ബന്ധുക്കള്‍ തന്നെയാണ് മതപരമായ ചടങ്ങുകൾ നടത്തിയത്. ഉച്ചകഴിഞ്ഞും പലസംഘങ്ങളായി പ്രിയപ്പെട്ടവരുടെ അന്ത്യവിശ്രമകേന്ദ്രം തേടി ആളുകൾ എത്തിക്കൊണ്ടിരുന്നു. വൈകീട്ടോടെയാണ് പലരും മടങ്ങിയത്.
മരിച്ച തൊഴിലാളികളോടുള്ള ആദരസൂചകമായി കണ്ണൻദേവൻ കമ്പനിയുടെ എല്ലാ എസ്റ്റേറ്റിലും രാവിലെ ഒമ്പതിന് തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രാർഥന നടത്തി. എ.രാജ എം.എൽ.എ, മൂന്നാർ, ദേവികുളം പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, കെ.ഡി.എച്ച്.പി കമ്പനി എം.ഡി മാത്യു എബ്രഹാം എന്നിവരും വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥലത്തെത്തി സ്മരണാഞ്ജലി അര്‍പ്പിച്ചു. മൂന്നാര്‍ ഡിവൈ.എസ്.പി മനോജ് കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘവും എത്തിയിരുന്നു. കമ്പനി ഇവിടെ നിർമിച്ചിട്ടുള്ള സ്മാരകസ്തൂപം പിന്നീട് അനാച്ഛാദനം ചെയ്യും. മരിച്ച എല്ലാവെരയും ഒരേയിടത്തുതന്നെയാണ് സംസ്കരിച്ചിട്ടുള്ളത്. ദുരന്ത സ്മരണയില്‍ മൂന്നാര്‍ മേഖലയിലെ വിവിധയിടങ്ങളിലും മൗനപ്രാര്‍ഥന നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.