മൂന്നാർ: കുടുംബശ്രീയുടെ പിങ്ക് കഫേ മൂന്നാറിൽ പ്രവര്‍ത്തനം ആരംഭിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ് പിങ്ക് കഫേ ആരംഭിച്ചിരിക്കുന്നത്. ടൂറിസം മന്ത്രി പി. മുഹമ്മദ് റിയാസ് ഓൺലൈനിൽ കഫേ ഉദ്ഘാടനം ചെയ്തു. മൂന്നാറിൽ എത്തുന്നവർക്ക് കെ.എസ്.ആർ.ടി.സി. യുടെ പ്രത്യേക വാഹനത്തിൽ അന്തിയുറങ്ങി കുറഞ്ഞ ചെലവില്‍ കുടുംബശ്രീയുടെ കഫേയില്‍നിന്ന് ഭക്ഷണവും കഴിച്ച് മടങ്ങാം. ഇപ്പോൾത്തന്നെ വിവിധ ഭാഗങ്ങളിൽനിന്നും സഞ്ചാരികളെ എത്തിക്കാൻ സഫാരി സർവിസ് നടത്തുന്നുണ്ട്. കൂടാതെ, മൂന്നാറിൽ എത്തുന്നവർക്ക് കിടക്കാനും ബസുകൾ സജ്ജമാണ്. അതിനോടൊപ്പമാണ് കഫേയുടെ സാന്നിധ്യവും.
പിങ്ക് കഫേ കിയോസ്‌കുകളുടെ ഭക്ഷണശാല ശ്രേണി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീ ഇടുക്കി ജില്ല മിഷന്‍റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലും പിങ്ക് കഫേ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ആനവണ്ടിയില്‍ അന്തിയുറങ്ങി കഫേയില്‍നിന്നും രുചിയൂറും ഭക്ഷണം കഴിച്ചുമടങ്ങാന്‍ കഴിയുന്ന തരത്തിലുള്ള പദ്ധതിയാണ് ടൂറിസം വകുപ്പ് നടപ്പാക്കിയിട്ടുള്ളത്.
രാവിലെ അഞ്ചുമുതല്‍ ആരംഭിക്കുന്ന കഫേയുടെ പ്രവര്‍ത്തനം രാത്രി 11 വരെ നീളും. ഇതിന് 15 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ മുഖ്യാതിഥിയായി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രവീണ രവികുമാര്‍, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ജില്ല മിഷന്‍ പ്രതിനിധികള്‍, കെ.എസ്.ആര്‍.ടി.സി പ്രതിനിധികള്‍, സി.ഡി.എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.