മൂന്നാർ: പുതുവത്സര ദിനത്തിൽ തന്നെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാനെത്തിയ ലയങ്ങളിലുള്ളവരുടെ മുഖങ്ങളായിരുന്നു പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിൽക്കുമ്പോൾ പ്രതിപക്ഷ നേതാവിെൻറ മനസ്സിൽ.
2020 ജനുവരി ഒന്നിന് ഇടമലക്കുടി സന്ദർശിക്കുന്ന യാത്രമധ്യേയാണ് ചെന്നിത്തല പെട്ടിമുടിയിലെത്തുന്നത്. മൂന്നാറിൽനിന്ന് പെട്ടിമുടിവരെ കാറിലായിരുന്നു യാത്ര. തുടർന്ന് ജീപ്പിലേ ഇടമലക്കുടിയിലേക്ക് എത്താൻ കഴിയൂ. ഇതേതുടർന്നാണ് ഇടത്താവളമെന്ന നിലയിൽ ചെന്നിത്തല പെട്ടിമുടിയിലിറങ്ങിയത്. ഈ സമയം ലയങ്ങളിലുള്ളവരെല്ലാം ഓടിയെത്തിയതായി ചെന്നിത്തല ഓർത്തെടുത്തു.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ആരതി ഉഴിഞ്ഞാണ് സ്വീകരിച്ചത്. തൊഴിലാളികൾക്കൊപ്പം അരമണിക്കൂർ ചെലവഴിച്ചു. ആ സംഘത്തിലുണ്ടായിരുന്ന വിശ്വനാഥനടക്കം 32 പേരെ കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ ചെന്നിത്തലയോട് പറഞ്ഞു. അന്ന് ചായ കുടിച്ച ലയത്തിനോട് ചേർന്ന കാൻറീൻ എവിടെയാണെന്ന് ചെന്നിത്തല ഒപ്പമുള്ളവരോട് ചോദിച്ചു. കാൻറീെൻറ സ്ഥാനത്ത് ഭീമൻ കല്ലുകളാണ് അവർ ചൂണ്ടിക്കാട്ടിയത്.
കുറച്ചുനേരം മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ നിരീക്ഷിച്ച ചെന്നിത്തല മികച്ച രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി അരമണിക്കൂറിനുശേഷമാണ് അദ്ദേഹം ദുരന്തഭൂമിയിൽനിന്ന് മടങ്ങിയത്.
'വിവേചനമരുത്; 10 ലക്ഷം നൽകണം'
മൂന്നാർ: പെട്ടിമുടി ദുരന്തത്തിലകപ്പെട്ടവർക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂരിൽ 10 ലക്ഷവും പെട്ടിമുടിയിൽ അഞ്ചുലക്ഷവും പ്രഖ്യാപിച്ചതിൽ വിവേചനമുണ്ട്. ദുരന്തമേഖലയിൽ മുഖ്യമന്ത്രി വരാത്തതിൽ അതൃപ്തിയുണ്ട്. ഈ ഘട്ടത്തിൽ വിവാദമുണ്ടാക്കാനില്ല. നാട്ടുകാരുടെ വികാരമാണ് പറഞ്ഞത്. മുഖ്യമന്ത്രി പെട്ടിമുടി സന്ദർശിക്കണം.
ചികിത്സയിലുള്ളവർക്കെല്ലാം സർക്കാർ അടിയന്തരമായി സഹായം എത്തിക്കണം. ലയങ്ങളിൽ താമസിക്കുന്നവർക്ക് അടിയന്തരസഹായം നൽകണം. 2018ലെ പ്രളയത്തിൽ തകർന്ന പെരിയവെരെ പാലം ഇതുവരെ പുനർ നിർമിക്കാത്തത് സർക്കാർ വീഴ്ചയാണ്. ചെന്നിത്തലക്കൊപ്പം വി.ടി. ബൽറാം എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, യു.ഡി.എഫ് കൺവീനർ എസ്. അശോകൻ, മാത്യു കുഴൽനാടൻ, സി.പി. മാത്യു തുടങ്ങിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.