മൂന്നാർ: വംശനാശ ഭീഷണി നേരിടുന്ന തവളക്കൂട്ടങ്ങൾക്ക് ആവാസവ്യവസ്ഥ ഒരുക്കി അവയുടെ വംശവർധനക്ക് വഴിയൊരുക്കുകയുമാണ് ഒരു ചെറുപ്പക്കാരൻ. മൂന്നാറിലും വാൽപാറയിലും മാത്രം കണ്ടുവരുന്ന അപൂർവ തവളയെയാണ് ഹാർഡ്ലി രഞ്ജിത് എന്ന പരിസ്ഥിതി പ്രവർത്തകൻ കൂടൊരുക്കി സംരക്ഷിക്കുന്നത്.
മൂന്നാറിെൻറ പ്രത്യേകതകൾ പഠിച്ച് നടക്കുന്നതിനിടെയാണ് രഞ്ജിത്തിെൻറ കണ്ണുകൾ ഈ തവളകളിൽ ഉടക്കിയത്. വംശനാശഭീഷണി നേരിടുന്ന 'ഫാൾസ് മലബാർ ഗ്ലൈഡിങ് ഫ്രോഗ്' എന്ന അപൂർവ ഇനമാണ് ഇത്. മൂന്നാറിലെ ചില ഭാഗങ്ങളിലും വാൽപാറയിലെ ഉൾവനങ്ങളിലുമാണ് ഇവയുള്ളത്. അതുതന്നെ നാമമാത്രവും. റാക്കോഫോറസ് ഫ്യൂഡോ മലബാറിക്കസ് എന്നാണ് ശാസ്ത്രീയ നാമം.
മൂന്നാറിൽ ഇവ അവശേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത് സംരക്ഷണത്തിനായി വിശദ പദ്ധതി തയാറാക്കി ഡൽഹിയിലെ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ വിവേക് മേനോന് സമർപ്പിച്ചു. പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെട്ട സംഘടന പ്രാഥമിക നടപടികൾക്ക് പണവും അനുവദിച്ചു. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയുടെ പിന്തുണയുമുണ്ടായിരുന്നു. അനുമതി ലഭിച്ചതോടെ രഞ്ജിത്ത് പോതമേട് വിൻറർ മിയർ പ്ലാേൻറഷൻ ഉടമ ഡോക്ടർ സൈമൺ ജോണിനെ സമീപിച്ചു. അദ്ദേഹം 60 ഏക്കർ ഏലത്തോട്ടത്തിെൻറ ഒരു ഭാഗം പരീക്ഷണത്തിനായി വിട്ടുനൽകി. രഞ്ജിത്തും സുഹൃത്തുക്കളും ചേർന്ന് രണ്ട് ചെറുകുളങ്ങൾ അവിടെ നിർമിച്ചു.
സ്വാഭാവികതക്കായി ചുറ്റും ചെടികളും പാറക്കൂട്ടങ്ങളും ഒരുക്കി. ഇൗ തവളകൾ മുട്ടയിടുന്ന രീതിയും കൗതുകകരമാണ്. പെൺതവള ചെടിയിലെ രണ്ടു ഇലകൾ അവയുടെ വായിൽനിന്നുള്ള പശകൊണ്ട് ചേർത്ത് ചോർപ്പുപോലെ ഒട്ടിക്കും. അവയിലേക്കാണ് മുട്ടയിടുക. മഴ പെയ്യുമ്പോൾ ഈ മുട്ടകൾ അടിയിലെ ദ്വാരത്തിലൂടെ താഴെയുള്ള വെള്ളത്തിൽ വീഴും. പിന്നെയാണ് വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്. മുട്ടയിട്ടാൽ താഴെ വീഴാൻ മഴ വേണം. താഴെ വീഴുന്നിടത്ത് വെള്ളവും വേണം. ഈ സാഹചര്യങ്ങൾ എല്ലാം ഒത്തുവന്നില്ലെങ്കിൽ വംശവർധന അസാധ്യമാകും. അത് തന്നെയാണ് ഇവ ഇല്ലാതാകാനും കാരണം. പ്രായപൂർത്തിയായ പെൺതവളക്ക് ഏഴ് സെൻറിമീറ്റർവരെ നീളം ഉണ്ടാകും. ആൺതവള ഇവരെക്കാൾ വളരെ ചെറുതായിരിക്കും. വലുതായവയുടെ പുറത്ത് കടുവയുടെ പോലെ വരകൾ തെളിഞ്ഞുവരും. ഇവ ഇപ്പോൾ ഈ കുളങ്ങളിൽ നിത്യസന്ദർശകരാണ്.
പദ്ധതി വിജയിച്ചതിെൻറ സന്തോഷത്തിലാണ് സർക്കാർ അംഗീകൃത ഗൈഡ് കൂടിയായ രഞ്ജിത്. ഭാര്യ സീഗേൾ ഫ്രാൻസിസിനും മകൾ ടിയാറക്കുമൊപ്പം മൂന്നാറിലാണ് ഇദ്ദേഹത്തിെൻറ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.