മൂന്നാർ: ഉൽപാദനവർധന ലക്ഷ്യമിട്ട് കോടികൾ ചെലവിട്ട് വൈദ്യുതി വിപുലീകരണ പദ്ധതി നടപ്പാക്കുമ്പോഴും അതിനാവശ്യമായ വെള്ളം സംഭരിക്കേണ്ട വൃഷ്ടിപ്രദേശം മണ്ണും ചളിയും അടിഞ്ഞ് സംഭരണശേഷി വൻതോതിൽ കുറയുന്നു. പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയിലേക്ക് വെള്ളം എത്തിക്കുന്ന മുതിരപ്പുഴയാറിലാണ് എക്കലടിഞ്ഞ് സംഭരണശേഷി കുറയുന്നതു മൂലം ജലം കവിഞ്ഞൊഴുകി പാഴാവുന്നത്. പള്ളിവാസൽ പദ്ധതിക്ക് വെള്ളം ലഭ്യമാക്കാനാണ് പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന് കുറുകെ തടയണ നിർമിച്ചത്. ഹെഡ് വർക്സ് ഡാം എന്നാണിത് അറിയപ്പെടുന്നത്.
ഇവിടെ തടഞ്ഞുനിർത്തുന്ന വെള്ളം തുരങ്കം വഴി പള്ളിവാസൽ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദനം. 37.5 മെഗാവാട്ടാണ് ഉൽപാദനശേഷി. 60 മെഗാവാട്ട്കൂടി അധികം ഉൽപാദിപ്പിക്കുന്നതിനാണ് പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതി 2007ൽ നിർമാണം ആരംഭിച്ചത്. നിർമാണം ഇഴഞ്ഞും ഇടക്ക് നിലച്ചും 16 വർഷം പിന്നിട്ടിട്ടും പദ്ധതി പൂർത്തിയായിട്ടില്ല. ജനുവരിയിൽ കമീഷൻ ചെയ്യാനാണ് തീരുമാനം.
ഇതുകൂടി പ്രവർത്തനക്ഷമമായാൽ പള്ളിവാസൽ പദ്ധതിയുടെ മൊത്തം ഉൽപാദനം 97.50 മെഗാവാട്ടാകും. പുതിയ പദ്ധതിക്കുൾപ്പെടെ മുതിരപ്പുഴയാറിലെ വെള്ളമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മുതിരപ്പുഴയാറിലെ മുഴുവൻ ജലവും ഇതിനുപയോഗിക്കാൻ കഴിയില്ല. സംഭരണശേഷി കുറഞ്ഞതുമൂലം വെള്ളം ഹെഡ് വർക്സ് ഡാം വഴി കവിഞ്ഞൊഴുകി പാഴാവുന്നതാണ് കാരണം.
മഴയും നീരൊഴുക്കും കുറഞ്ഞിട്ടും കവിഞ്ഞൊഴുകിയുള്ള പാഴാകൽ തുടരുന്നു. മുമ്പ് ഹെഡ് വർക്സ് ഡാമിന്റെ വൃഷ്ടിപ്രദേശം മണ്ണുനീക്കി സംഭരണശേഷി വർധിപ്പിച്ചിരുന്നു. എന്നാൽ, 20 വർഷത്തോളമായി ഇത് മുടങ്ങിക്കിടക്കുന്നു. പുഴയോരത്തെ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും മണ്ണിടിച്ചിലും മറ്റുമായി വൃഷ്ടിപ്രദേശത്തിന്റെ ജലസംഭരണശേഷി വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇതാണ് തടയണ കവിഞ്ഞൊഴുകി ജലം പാഴാവാൻ കാരണം. വൈദ്യുതി വിപുലീകരണ പദ്ധതി കമീഷൻ ചെയ്യുന്നതിനുമുമ്പ് ഹെഡ് വർക്സ് ഡാമിന്റെ സംഭരണശേഷി ഉയർത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.