മൂന്നാർ: ഓൺലൈൻ ക്ലാസുകൾ പരിധിക്ക് പുറത്തായിട്ടും കിലോമീറ്ററുകൾ നടന്ന് 'റേഞ്ചി'ലെത്തി പഠിക്കുകയാണ് ഒരുപറ്റം വിദ്യാർഥികൾ. ഇരവികുളം നാഷനൽ പാർക്കിനോട് ചേർന്നുകിടക്കുന്ന രാജമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് മഞ്ഞും മഴയും അവഗണിച്ച് പഠിക്കുന്നത്.
രാജമല എസ്റ്റേറ്റ് മേഖലയിൽ ഒരു മൊബൈൽ കമ്പനിയുെടയും സിഗ്നൽ ലഭിക്കാത്ത സ്ഥിതിയാണ്. ഇതോടെയാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് കഴിയാതെ വന്നത്. ഏറെ ബുദ്ധിമുട്ടി വാങ്ങിയ സ്മാർട്ട് ഫോണുകൾ കാഴ്ചവസ്തുവായതോടെ കുട്ടികൾ സിഗ്നൽ തേടി ഇറങ്ങുകയായിരുന്നു.
നടന്നുനടന്ന് ആറ് കിലോമീറ്റർ അകലെ ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലെ വിശ്രമകേന്ദ്രത്തിന് സമീപമെത്തിയാണ് ഇവരുടെ പഠനം. വിജനതയും പ്രതികൂല കാലാവസ്ഥയൊന്നും ഇവരെ ഭയപ്പെടുത്തുന്നില്ല.
വെള്ളിയാഴ്ച ഔദ്യോഗിക ആവശ്യത്തിന് രാജമലയിലൂടെ കടന്നുപോയ മൂന്നാർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ടി.എം. സൂഫിയാണ് വഴിയരികിലിരുന്ന് പഠിക്കുന്ന കുട്ടികളെ കണ്ടത്. എസ്റ്റേറ്റിൽനിന്ന് ഇത്രയും ദൂരം വന്നിരുന്ന് പഠിക്കുന്ന കുട്ടികളെ അഭിനന്ദിച്ച അദ്ദേഹമാണ് കുട്ടികളുടെ ഈ പരിശ്രമത്തെ പുറംലോകത്തെ അറിയിച്ചത്.
ഇടമലക്കുടി, പെട്ടിമുടി അടക്കം ജില്ലയുടെ വിവിധ പ്രദേശങ്ങളും നെറ്റ് വർക്ക് ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പലരും പാറപ്പുറത്തും മരത്തിന് മുകളിലും കിലോമീറ്ററുകൾ സഞ്ചരിച്ച് ബന്ധുവീടുകളിൽപോലും നിന്നാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.