മൂന്നാര്‍: ഒരു നൂറ്റാണ്ട് മുമ്പ് മൂന്നാര്‍ മലനിരകളില്‍ തേയില കൃഷിയുടെ ഭാഗമായെത്തിയ ഇംഗ്ലീഷുകാരുടെയും തൊഴിലാളികളുടെയും മക്കള്‍ക്ക് പഠിക്കാനായി ആരംഭിച്ച സ്കൂള്‍ നൂറിന്റെ നിറവില്‍. പഴയ മൂന്നാറിലെ ആംഗ്ലോ തമിഴ് സ്കൂളാണ് നൂറ്റാണ്ടിന്റെ കഥപറഞ്ഞ് തലയുയർത്തി നിൽക്കുന്നത്.
സംസ്ഥാനത്തെ തന്നെ ആദ്യതമിഴ് വിദ്യാലയം 2018ൽ തന്നെ നൂറ്റാണ്ട് പിന്നിട്ടെങ്കിലും പ്രളയവും കോവിഡുമെല്ലാം വിലങ്ങുതടി ആയതോടെയാണ് നാലു വര്‍ഷം വൈകിയാണെങ്കിലും ശതാബ്ദി ആഘോഷം നടത്തണമെന്ന് സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ഇംഗ്ലീഷുകാരുടെ മക്കള്‍ക്ക് ഇംഗ്ലീഷും തൊഴിലാളികളുടെ മക്കള്‍ക്ക് തമിഴും പഠിക്കാന്‍ അവസരമൊരുക്കിയതിനാല്‍ ആംഗ്ലോ തമിഴ് പ്രൈമറി സ്കൂള്‍ എന്ന പേരും സ്കൂളിന് ലഭിച്ചു.
സര്‍ക്കാർ അംഗീകൃതമായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ തോട്ടം മേഖലയിലെയും പ്രത്യേകിച്ച് ഹൈറേഞ്ചിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം എന്ന പെരുമ കൈവന്നു. ശതാബ്ദി ആഘോഷത്തിനായി സ്വാഗതം സംഘം രൂപവത്കരണ യോഗം മാര്‍ച്ച് അഞ്ചിന് സ്കൂളില്‍ നടക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. പൂര്‍വവിദ്യാർഥികളും പൊതുജനങ്ങളും വ്യാപാരി സമൂഹവുമെല്ലാം പങ്കെടുക്കുന്ന വിധത്തിൽ ആഘോഷ പരിപാടികളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രഥമാധ്യാപിക എം. മാരിയമ്മാള്‍ പറഞ്ഞു.
തോട്ടം മേഖലയിലെ തമിഴ് വംശജരായ തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തില്‍ സുപ്രധാന പങ്കുവഹിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തദ്ദേശഭരണകൂടത്തിന്റെ പിന്തുണയും ഉണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.