മൂന്നാർ: ഇടതുമുന്നണിയിൽനിന്ന് മത്സരിച്ച് ജയിച്ച 17ാം വാർഡ് അംഗം സി.പി.എമ്മിലെ വി. ബാലചന്ദ്രന്റെ അംഗത്വം പുനഃസ്ഥാപിച്ചതോടെ മൂന്നാർ ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു.
ഫെബ്രുവരിയിലാണ് ബാലചന്ദ്രന്റെ അംഗത്വം അസാധുവായത്. സി.പി.ഐ ഭരിക്കുന്ന ഇവിടെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ യു.ഡി.എഫ് ആവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഫെബ്രുവരി 22നാണ് ഇതിൽ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ, അതിന് ഒരു മണിക്കൂർ മുമ്പ് ബാലചന്ദ്രന്റെ രാജിക്കത്ത് തപാൽമാർഗം പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചതോടെ വോട്ടെടുപ്പ് നടന്നില്ല.
രാജിക്കത്ത് അയച്ചിട്ടില്ലെന്നും തന്റെ വ്യാജ ഒപ്പിട്ട് മറ്റാരോ ആണ് കത്തയച്ചതെന്നും ചൂണ്ടിക്കാട്ടി ബാലചന്ദ്രൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.രാജിക്കത്ത് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരിൽനിന്ന് വിശദമായി മൊഴിയെടുത്ത കമീഷൻ കത്ത് വ്യാജമാണെന്ന് കണ്ടെത്തി.
ബാലചന്ദ്രന്റെ ഒപ്പും രാജിക്കത്തിലെ ഒപ്പും താരതമ്യം ചെയ്ത് അതും വ്യാജമാണെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് ഇദ്ദേഹത്തിന്റെ അംഗത്വം പുനഃസ്ഥാപിച്ച് കമീഷൻ ഉത്തരവിറക്കിയത്. എൽ.ഡി.എഫിൽനിന്ന് വിജയിച്ച ബാലചന്ദ്രൻ യു.ഡി.എഫിലേക്ക് പോകുമെന്ന സൂചനയെ തുടർന്നാണ് ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ രാജിക്കത്ത് അയച്ചതെന്നാണ് ഉയരുന്ന ആക്ഷേപം.
ബാലചന്ദ്രന്റെ പിന്തുണ ലഭിച്ചാൽ യു.ഡി.എഫിന് 11ഉം എൽ.ഡി.എഫിന് 10ഉം അംഗങ്ങളാവും. അടുത്ത ആവിശ്വാസപ്രമേയത്തിന് യു.ഡി.എഫ് ഉടൻ നോട്ടീസ് നൽകുമെന്നാണ് സൂചന. യു.ഡി.എഫിനാണ് ഭരണം ലഭിച്ചതെങ്കിലും കോൺഗ്രസ് അംഗങ്ങളായിരുന്ന ഇപ്പോഴത്തെ പ്രസിഡന്റും വൈസ് പ്രസിഡന്റും എൽ.ഡി.എഫിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് ഒരുവർഷം മുമ്പ് എൽ.ഡി.എഫ് ഭരണം പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.