മൂന്നാര്‍: വർഷങ്ങളായി തുടരുന്ന നിയമപോരാട്ടം വിജയിച്ചതിന്റെ ആശ്വാസത്തിലാണ് മൂന്നാറിലെ നൂറോളം കുടുംബങ്ങൾ. ഇക്കാനഗറിലെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് വൈദ്യുതി ബോർഡുമായി ഉണ്ടായിരുന്ന തർക്കത്തിനാണ് പരിഹാരമായത്.
ദേവികുളം താലൂക്കിലെ കെ.ഡി.എച്ച് വില്ലേജിലെ സർവേ നമ്പര്‍ 843ല്‍ ഉള്‍പ്പെട്ട ഇക്കാനഗറിലെ 27ഏക്കറോളം ഭൂമി തങ്ങളുടേതാണ് എന്നതായിരുന്നു കാലങ്ങളായി വൈദ്യുതി വകുപ്പിന്‍റെ അവകാശവാദം. ഈ ഭൂമിയില്‍ താമസിച്ചുവരുന്നവര്‍ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരന്തരം വൈദ്യുതി വകുപ്പുമായി നിയമയുദ്ധത്തിലായിരുന്നു.
ഹൈകോടതിയില്‍ നിലനിന്നിരുന്ന കേസില്‍ ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ ഹാജരാക്കാനാവാതെ വന്നതോടെ ഹൈകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിലൂടെ കെ.എസ്.ഇ.ബിക്ക് ഈ ഭൂമിയില്‍ അവകാശം ഉന്നയിക്കാന്‍ അര്‍ഹതയില്ലെന്ന് വ്യക്തമായി.
വിവാദ സർവേ നമ്പര്‍ 843ല്‍ ആകെ ഭൂമിയുടെ വിസ്തീർണം 16.55 ആയിരിക്കെയാണ് കെ.എസ്.ഇ.ബി 27 ഏക്കര്‍ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടിരുന്നത്.
ഈ ഭൂമിക്ക് വേലി നിർമിക്കാന്‍ ഒന്നരക്കോടി ചെലവഴിച്ചതും വിവാദമായിരുന്നു. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ലഭിച്ച വിധിയിലൂടെ തങ്ങളാണ് ഈ ഭൂമിയുടെ മക്കളെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഇക്കാനഗര്‍ നിവാസികള്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇക്കാനഗര്‍ നിവാസികള്‍ക്ക് വൈദ്യുതി, വെള്ളംപോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ അനുവദിച്ചുകിട്ടാന്‍ വലിയ പ്രയാസമാണ് നേരിട്ടത്. ജനങ്ങള്‍ക്ക് ഒപ്പംനിന്ന് അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടുമെന്ന് ചടങ്ങില്‍ പങ്കെടുത്ത സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി പ്രതിനിധികള്‍ അറിയിച്ചു.
ഭൂമി കെ.എസ്.ഇ.ബിയുടേതല്ല എന്ന വിധിവന്നതോടെ അഞ്ച് തലമുറകളായി ഇവിടെ കഴിയുന്ന തങ്ങള്‍ക്ക് പട്ടയം നല്‍കാൻ നടപടി സ്വീകരിക്കണമെന്ന് ഇക്കാനഗര്‍ നിവാസികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.