മൂന്നാർ: സ്വന്തം പഞ്ചായത്ത് ഓഫിസിലെ കാര്യങ്ങൾക്ക് മറ്റൊരു പഞ്ചായത്തിൽ പോകേണ്ട ഗതികേടിലാണ് ഇടമലക്കുടിക്കാർ. മറ്റിടങ്ങളിൽ പഞ്ചായത്ത് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകുമ്പോഴാണ് ഇടമലക്കുടിയിലെ ജനങ്ങൾ 40 കിലോമീറ്റർ അകലെ ദേവികുളത്തെ ആശ്രയിക്കുന്നത്. കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്ത് രൂപവത്കരിച്ചതിന് പിന്നാലെ സൊസൈറ്റിക്കുടിയിൽ പഞ്ചായത്ത് ഓഫിസിന് കെട്ടിടവും നിർമിച്ചിരുന്നു.
ബോർഡും മറ്റു സൗകര്യവും ഏർപ്പെടുത്തിയെങ്കിലും പ്രവർത്തനം മാത്രം തുടങ്ങിയില്ല. പഞ്ചായത്ത് കമ്മിറ്റി ചേരുന്ന ദിവസം പ്രസിഡൻറും മറ്റ് അംഗങ്ങളും 40ലധികം കിലോമീറ്റർ സഞ്ചരിച്ച് ദേവികുളത്ത് എത്തണം. സെക്രട്ടറിയും മറ്റു ജീവനക്കാരും ദേവികുളത്തെ ഓഫിസിലാണ് ഉള്ളത്.
ഇടമലക്കുടിയിലെ വിദ്യാർഥികൾക്ക് അടക്കം ഏതെങ്കിലും സർക്കാർരേഖ ആവശ്യമായി വന്നാൽ ഒരുദിവസത്തെ അധ്വാനമാണ്. പഞ്ചായത്ത് കെട്ടിടം സ്വന്തം സ്ഥലത്ത് പണിതിട്ടും കഷ്ടപ്പെടാനാണ് ഇവരുടെ വിധി. ജനപ്രതിനിധികളും വിവിധ നേതാക്കളും പലവട്ടം ആവശ്യപ്പെട്ടിട്ടും നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റാൻ തയാറായില്ല. നിർമാണം പൂർത്തിയായ കെട്ടിടം ചിതലരിക്കുന്നു.
ജീവനക്കാർ ഇവിടെ താമസിച്ച് ജോലി ചെയ്യാൻ തയാറല്ലെന്ന വാദം ഉന്നയിച്ചാണ് ഓഫിസ് ദേവികുളത്ത് തന്നെ നിലനിർത്തുന്നത്. ഇടമലക്കുടിയിൽ ജോലി ചെയ്യാൻ തയാറായി പലരും ആരംഭകാലത്ത് തന്നെ വന്നിരുന്നു. ഇപ്പോഴും പല ഉദ്യോഗസ്ഥരും അതിനു തയാറാണ്.
വന്യജീവി ആക്രമണ ഭീഷണിയാണ് മറ്റൊരു വിഷയം. കാരണങ്ങൾ പലത് പറയുന്നുണ്ടെങ്കിലും ദുരിതം അനുഭവിക്കുന്നത് ഇടമലക്കുടിയിലെ ആദിവാസികളാണ്. അടിയന്തരമായി പഞ്ചായത്ത് ഓഫിസ് സ്വന്തം പഞ്ചായത്തിനുള്ളിൽ തന്നെ പ്രവർത്തിക്കണമെന്നാണ് കുടിക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.