മൂന്നാർ: വനാന്തര ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള റോഡ് നിർമാണം വ്യാഴാഴ്ച തുടങ്ങും. ഇതിന്റെ ഭാഗമായി ഇടമലക്കുടിയിലേക്ക് നിലവിലുള്ള റോഡ് വഴി ഗതാഗതം നിരോധിച്ചു. ഒരുമാസത്തേക്കാണ് നിരോധനം. ഊരു നിവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് പരിഹാരമായി പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 11.5 കോടി ചെലവിട്ടാണ് നിലവിലെ മൺപാത നവീകരിക്കുന്നത്. കണ്ണൻ ദേവൻ കമ്പനിയുടെ പെട്ടിമുടി എസ്റ്റേറ്റിൽനിന്ന് 12.5 കിലോമീറ്ററാണ് പഞ്ചായത്ത് ആസ്ഥാനമായ സെസൊസൈറ്റിക്കുടി വരെ.
2010ൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച മൺപാതയാണ് നിലവിലുള്ളത്. ഇത് ഇടിഞ്ഞും തകർന്നും ജീപ്പ് യാത്രവരെ അസാധ്യമായ നിലയിലാണ്. അത്യാസന്ന നിലയിലുള്ള രോഗികളെപ്പോലും വാഹനങ്ങളിൽ കൊണ്ടുപോകാൻ കഴിയില്ല. പൊതുമരാമത്ത് വകുപ്പിനാണ് ഇപ്പോൾ റോഡ് നവീകരണത്തിന്റെ ചുമതല. പെട്ടിമുടി പുല്ലുമേട് മുതൽ 7.5 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ആദ്യ ഊരായ ഇഡലിപ്പാറ വരെയാണ് ആദ്യഘട്ട നിർമാണം. മൂന്നുമീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡാണ് പദ്ധതിയിലുള്ളത്.
ഈ റീച്ചിന്റെ നിർമാണം പൂർത്തീകരിച്ച ശേഷം ഇഡലിപ്പാറയിൽനിന്ന് സൊസൈറ്റിക്കുടി വരെയുള്ള 4.75 കിലോമീറ്ററും പുതുക്കിപ്പണിയും. പുല്ലുമേട്ടിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരെ റോഡിന് കുറുകെ കടന്നുപോകുന്ന അരുവിയുടെ ഭാഗത്ത് നിലവിലെ തടിപ്പാലം പൊളിച്ച് കോൺക്രീറ്റ് പാലം നിർമിക്കുന്ന ജോലിയാണ് ആദ്യം. ഇഡലിപ്പാറക്ക് സമീപം കൈത്തോടിന് കുറുകെ 2016ൽ നിർമിച്ച പാലത്തിന്റെ ഇരുവശവും അപ്രോച്ച് റോഡ് നിർമാണവും പൂർത്തിയാക്കും.
അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ ഏഴുവർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പാലം. സംസ്ഥാനത്തെ പ്രഥമ ഗോത്രവർഗ പഞ്ചായത്തായി 2010ലാണ് ഇടമലക്കുടി രൂപവത്കൃതമായത്. അതിനു മുമ്പ് വരെ മൂന്നാർ പഞ്ചായത്തിന്റെ ഒരു വാർഡ് മാത്രമായിരുന്ന ഇവിടെ മുതുവ സമുദായക്കാരായ 760 കുടുംബങ്ങളാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.