മൂന്നാർ/നെടുങ്കണ്ടം: യുദ്ധഭൂമിയിലെ ദുരിതപർവം താണ്ടി ഇടുക്കി ജില്ലയിലെ മൂന്ന് വിദ്യാർഥികൾ നാട്ടിൽ മടങ്ങിയെത്തി. മൂന്നാറിലെ വ്യാപാരി റഫീഖിന്‍റെ മകൾ റമീസ, പോതമേടിലെ മണിയുടെ മകൾ എമീമ, നെടുങ്കണ്ടം താന്നിമൂട് താന്നിക്കല്‍ വിജയന്‍-സുദര്‍ശനകുമാരി ദമ്പതികളുടെ മകൻ ശ്രീഹരി എന്നിവരാണ് വീടണഞ്ഞത്.
യുക്രെയ്നിലെ യുദ്ധഭൂമിയിൽ കുടുങ്ങിയതോടെ നാട്ടിലെത്താനാവുമോ എന്നുപോലും ഭയന്നുകഴിഞ്ഞ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് റമീസയും എമീമയും സ്വന്തം വീട്ടിലെത്തിയത്.
ഇവരുടെ മടങ്ങിവരവ് രണ്ട് കുടുംബങ്ങളുടേത് മാത്രമായിരുന്നില്ല, പ്രാർഥനയോടെ കാത്തിരുന്ന ഒരു നാടിന്‍റേത് കൂടിയായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഡല്‍ഹിയിലെത്തിയ റമീസ വൈകീട്ടോടെയാണ് കൊച്ചിയിലെത്തിയത്. റമീസയെ സ്വീകരിക്കാന്‍ മാതാപിതാക്കളും സഹോദരനും എത്തിയിരുന്നു.
വ്യാഴാഴ്ച പുലർച്ച രണ്ടോടെ മൂന്നാറിലെ വീട്ടിലെത്തി. വസ്ത്രം മാറ്റിയുടുക്കാനാവാതെയും ഭക്ഷണം കിട്ടാതെയും ദുരിതപൂര്‍ണമായ ദിവസങ്ങളാണ് യുദ്ധഭൂമിയില്‍ തള്ളിനീക്കിയതെന്ന് റമീസ പറഞ്ഞു. യുക്രെയ്നിന്‍റെ അതിര്‍ത്തിരാജ്യമായ പോളണ്ടിലെത്താനുള്ള യാത്ര ഏറെ ദുഷ്‌കരമായിരുന്നു. ഇതിനിടയിൽ വെള്ളവും ഭക്ഷണവുമില്ലാതെ 20 കി.മീ. നടക്കേണ്ടിയുംവന്നു. പോളണ്ടിലെ ഉദ്യോഗസ്ഥരും ഇന്ത്യന്‍ രക്ഷാസേനയുമെല്ലാം വലിയ രീതിയിലുള്ള ഇടപെടലാണ് നടത്തിയത്. ശേഷിക്കുന്ന രണ്ടുവര്‍ഷത്തെ മെഡിക്കൽ പഠനം പൂര്‍ത്തിയാക്കാന്‍ പോളണ്ട് സഹായം വാഗ്ദാനം ചെയ്തതായും റമീസ പറഞ്ഞു.
രാത്രി ഒമ്പതോടെയാണ് എമീമ പോതമേടിലുള്ള വീട്ടിലെത്തിയത്. ഏറെ ക്ലേശം സഹിച്ചാണ് എമീമയും പോളണ്ടിലെ അതിര്‍ത്തിയിലെത്തിയത്. ഏറെ ക്ഷീണിതയാണെങ്കിലും നാട്ടിലേക്ക് മടങ്ങാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും എമീമ പറഞ്ഞു.
ആറുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കാന്‍ നാലുമാസവും അവസാന പരീക്ഷയും ബാക്കിനില്‍ക്കെയാണ് ശ്രീഹരി നാട്ടില്‍ മടങ്ങിയെത്തിയത്. വീട്ടുകാര്‍ക്ക് മകന്‍ തിരിച്ചെത്തിയ സന്തോഷമുണ്ടെങ്കിലും പഠനവും പരീക്ഷയും പൂർത്തിയാക്കാനാവാത്തതിന്‍റെ ആശങ്കയിലണ് ശ്രീഹരി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. ഒഡേസ നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാർഥിയാണ്.
ഒഡേസയില്‍നിന്ന് എംബസി ഇടപെട്ടാണ് മാള്‍ഡോവയിലെത്തിയത്. അവിടെനിന്ന് ബസ് മാര്‍ഗം റുമാനിയയില്‍ എത്തി. തുടര്‍ന്ന് വ്യോമസേന വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ച 1.30ന് ഡല്‍ഹിയില്‍ വന്ന് കേരള ഹൗസില്‍ താമസിച്ചു. യുദ്ധം തുടങ്ങിയ ആദ്യ രണ്ടുദിവസം പ്രശ്‌നം ഒന്നുമില്ലായിരുന്നു. പിന്നീട് ഇന്‍റർനെറ്റ് സേവനം ഇല്ലാതായി. സര്‍ട്ടിഫിക്കറ്റുകളും മറ്റും സർവകലാശാലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.