മൂന്നാര്‍: രാത്രിയുടെ തണുപ്പിനുമീതെ ഭൂമിയുടെ ഹൃദയം പിളർന്നൊഴുകിയ ഉരുൾ 70 പേരുടെ ജീവൻ കവർന്ന പെട്ടിമുടി ദുരന്തത്തിന് വെള്ളിയാഴ്ച ഒരുവയസ്സ്. 2020 ആഗസ്റ്റ് ആറിന് രാത്രി 11നാണ് കനത്ത മഴയിൽ മൂന്നാർ കണ്ണന് ദേവന് തേയിലത്തോട്ടത്തിലെ നയമക്കാട് എസ്റ്റേറ്റിൽ രാജമലയ്ക്ക് സമീപം പെട്ടിമുടി ഡിവിഷനിലെ ലയങ്ങള്‍ക്കുമേല്‍ ദുരന്തം മരണം വിതച്ചത്. 18 കുട്ടികളും ഒരു ഗർഭിണിയുമടക്കം 70 പേർ മരിച്ചപ്പോൾ നാലുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. നാലുപേരുടെ മൃതദേഹം കണ്ടെത്താനായില്ല.
പുറത്ത് ആർത്തലക്കുന്ന മഴയിൽ ലയങ്ങൾക്കുള്ളിൽ ഉറക്കത്തിലാണ്ട സാധാരണക്കാരായ തൊഴിലാളികളുടെ കുടുംബങ്ങളാണ് കണ്ണടച്ചുതുറക്കും മുമ്പ് ദുരന്തത്തിന് ഇരയായത്. രാത്രിയെ ഞെട്ടിച്ച് ഉയർന്ന ആർത്തനാദങ്ങൾക്കിടയിൽനിന്ന് മരണം കവർന്നവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻതന്നെ ആഴ്ചകൾ വേണ്ടിവന്നു. ഒന്നര കി.മീറ്ററോളം ദൂരെ മലമുകളില്നിന്നായിരുന്നു ഉരുള്പൊട്ടലിെൻറ തുടക്കം. അൽപസമയത്തിനുള്ളിൽ ഇത് കല്ലും മണ്ണും നിറഞ്ഞ മഹാപ്രവാഹമായി താഴേക്ക് പതിച്ചു. പെട്ടിമുടി പുഴ എന്നറിയപ്പെടുന്ന കരിന്തിരിയാറിെൻറ തീരത്തെ ചെറുതും വലുതുമായ നാല് ലയം തകർന്നു. മൊബൈല്‍ ഫോൺ റേഞ്ചില്ലാത്തതും പെരിയവര പാലം തകര്‍ന്നതും ദുരന്തത്തിെൻറ വ്യാപ്തി വർധിപ്പിച്ചു. പ്രദേശവാസികളിൽ ചിലർ രാജമലയിലെ വനം വകുപ്പ് ഓഫിസിൽ നടന്നെത്തി വിവരം അറിയിക്കുകയായിരുന്നു.
പാറക്കല്ലുകളും മണ്ണും വന്നടിഞ്ഞ ദുരന്തഭൂമിയിൽ കോവിഡ് ഭീതിപോലും വകവെക്കാതെ രക്ഷാപ്രവർത്തനത്തിന് നാട് കൈകോർത്തു. മണ്ണിനടിയിൽനിന്ന് കുരുന്നുകളുടെയടക്കം മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് കരൾ പിളർക്കുന്ന കാഴ്ചയായിരുന്നു. 19 ദിവസത്തിലായി 133 മണിക്കൂർ തിരച്ചിൽ നീണ്ടു. അച്ഛനമ്മമാരെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന നിലയിലായിരുന്നു ചില കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ. പലരുടെയും മൃതദേഹങ്ങൾ സമീപത്തെ പുഴയിൽനിന്നാണ് കിട്ടിയത്. ചിലത് കിലോമീറ്ററുകൾക്കപ്പുറം മരത്തിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു.
അപകടത്തിൽനിന്ന് രക്ഷപ്പെട്ട ചിലർ ദുരന്തത്തിെൻറ നടുക്കുന്ന ഒാർമകളും തീരാത്ത വേദനയുമായി ഇപ്പോഴും ചക്രക്കസേരയിൽ ജീവിതം തള്ളിനീക്കുകയാണ്.
പെട്ടിമുടി ഇപ്പോൾ കാടുകയറിയ നിലയിലാണ്. 85 കുടുംബം താമസിച്ചിരുന്ന ഇവിടെ ഇപ്പോഴുള്ളത് അന്തർ സംസ്ഥാന തൊഴിലാളികള്‍ മാത്രം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട എട്ട് കുടുംബം കുറ്റിയാര്‍വാലിയില്‍ നിർമിച്ചുകിട്ടിയ പുതിയ വീട്ടിലാണ് താമസം. മരിച്ചവരെ സംസ്കരിച്ചതിന് സമീപത്തെ മൈതാനത്ത് കണ്ണൻ ദേവൻ കമ്പനി നിർമിക്കുന്ന സ്മാരകം ഉയരുന്നു. മരിച്ചവരുടെ ബന്ധുക്കൾ പുഷ്പാർച്ചനയും പ്രാർഥനകളുമായി വെള്ളിയാഴ്ച ഇവിടെ സംഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.