മൂന്നാർ: സംശയകരമായ സാഹചര്യത്തിൽ പൊലീസ് ലോഡ്ജിൽ കണ്ടെത്തിയ അഞ്ചംഗ സംഘത്തിൽനിന്ന് ആമകളെ പിടിച്ചെടുത്തു. നല്ലതണ്ണി റോഡിലെ ലോഡ്ജിൽനിന്ന് പിടികൂടിയ യുവാക്കളെ പൊലീസ് വനം വകുപ്പിനു കൈമാറി.തിരുവനന്തപുരത്തുനിന്നുള്ള സംഘത്തെ മൂന്നാറിൽ എത്തിച്ച ടാക്സി ഡ്രൈവറുടെ പരാതി പൊലീസിന് ലഭിച്ചിരുന്നു. കൂലി ലഭിച്ചില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇവർ ലഹരിമരുന്ന് ഉപയോഗിച്ചതിെൻറ ലക്ഷണങ്ങൾ കണ്ടതോടെ എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ മുറി പരിശോധിച്ചു. തുടർന്നാണ് ഒളിപ്പിച്ച നിലയിൽ രണ്ട് ആമകളെ കണ്ടെത്തിയത്. യുവാക്കളെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധ മറുപടിയാണ് ലഭിച്ചത്.
മൂന്നാർ റേഞ്ച് ഓഫിസിൽ എത്തിച്ച യുവാക്കളെ വനപാലകരും ചോദ്യം ചെയ്തു. ബംഗളൂരുവിൽനിന്ന് വാങ്ങിയതാണ് ആമകളെ ന്നാണ് ഇവരുടെ മൊഴി. ആമകളുടെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ റേഞ്ച് ഓഫിസർ ഹരീന്ദ്രകുമാർ ഇവയുടെ ഫോട്ടോ അയച്ചുകൊടുത്തതിനെ തുടർന്ന് പീച്ചിയിലെ സംസ്ഥാന വന ഗവേഷണ കേന്ദ്രത്തിൽനിന്ന് റിപ്പോർട്ട് ലഭിച്ചു. റെഡ് ഇയേർഡ് സ്ലൈഡിങ് ടർട്ടിൽ എന്ന ഇനത്തിൽപെട്ട ആമകളാണെന്ന് സ്ഥിരീകരിച്ചു. ഏതെങ്കിലും ജലാശയത്തിൽ ഇവ വന്നുപെട്ടാൽ അവിടുള്ള മീനുകളടക്കം ജീവജാലങ്ങളെ പൂർണമായും തിന്ന് നശിപ്പിക്കും. ജലത്തിലെ ആവാസവ്യവസ്ഥ തകർക്കുന്ന ഇവയെ പൊതുകുളങ്ങളിൽ വളർത്തുന്നതും പുഴകളിൽ നിക്ഷേപിക്കുന്നതും തടഞ്ഞിട്ടുണ്ട്. എന്നാൽ, സംരക്ഷിത വന്യജീവികളുടെ പട്ടികയിൽപെടാത്തതിനാൽ ഇവയെ കൈവശം വെച്ചിരിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു.
വന ഗവേഷണ കേന്ദ്രത്തിൽനിന്ന് ലഭിച്ച റിപ്പോർട്ട് അടക്കം മൂന്നാർ ഡി.എഫ്.ഒ ക്ക് കൈമാറുമെന്നും അതനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും റേഞ്ച് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.