മൂന്നാർ: ഗ്യാപ് റോഡിലെ അശാസ്ത്രീയ പാറ പൊട്ടിക്കലിനെതിരെ ലഭിച്ച പരാതി പരിശോധിക്കുന്നതിന്റെ ഭാഗമായി നിയമസഭ പരിസ്ഥിതി സമിതി തെളിവെടുപ്പ് നടത്തി. പ്രശ്നങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കിയ അംഗങ്ങൾ ശിപാർശ സർക്കാറിന് സമർപ്പിക്കാൻ തീരുമാനിച്ചു. ചെയർമാൻ ഇ.കെ. വിജയന് എം.എല്‍.എക്ക് പുറമെ എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, ലിന്റോ ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എം.എം. മണി എം.എൽ.എ, സബ് കലക്ടർ രാഹുൽ കൃഷ്ണശർമ, എ.ഡി.എം ഷൈജു പി. ജേക്കബ് തുടങ്ങിയവർ തെളിവെടുപ്പിലും പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിലും പങ്കെടുത്തു.
മൂന്നാറിലെ മാലിന്യപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ടെന്ന് സമിതി അഭിപ്രായപ്പെട്ടു. നിർദേശങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു. ‘നമ്മുടെ മൂന്നാർ’ പദ്ധതി തയാറാക്കി മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണം. യോഗത്തിൽ ഉയർന്ന പരാതികൾക്ക് ഒരു മാസത്തിനകം പരിഹാരം കാണാനും അത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ജില്ലതല വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. മൂന്നാറിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട അതോറിറ്റി രൂപവത്കരണം, പഞ്ചായത്തിലെ ഗ്രീൻ ബജറ്റ് തയാറാക്കൽ, ഗാർഹികേതര നിർമാണങ്ങൾക്ക് സ്ഥിരമോ താൽക്കാലികമായതോ ആയ അനുമതി, പരിസ്ഥിതി സംരക്ഷണം, മാലിന്യനിർമാർജനം എന്നിവയിൽ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗം ചർച്ച ചെയ്തു. പഞ്ചായത്ത് നടപ്പാക്കിയ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി, മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സമിതി നേരിട്ടുകണ്ട് മനസ്സിലാക്കി.
പരിസ്ഥിതി സംബന്ധിച്ച് 25 പരാതിയാണ് നേരിട്ട് ലഭിച്ചത്. മലിനജലം പുനരുപയോഗിക്കാനുള്ള പ്ലാന്റ് നിർമിക്കാൻ വാട്ടർ അതോറിറ്റിക്ക് കൈമാറിയ രണ്ടര ഏക്കർ സ്ഥലവും സമിതി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.