മൂന്നാര്‍: കണ്ണന്‍ദേവന്‍ കമ്പനിയുടെ തെയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തമിഴ് സെല്‍വിയും രാമചന്ദ്രനും റീറ്റയും സമുദ്രവും രാമത്തായ്യും ബാല്യകാല സുഹൃത്തുക്കളാണ്. പെരിയവാര എസ്റ്റേറ്റിലെ തേയിലത്തോട്ടത്തില്‍ ജോലി ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
ബന്ധുക്കളായ നാല്‍വര്‍ സംഘം തൊഴിലാളി ലയങ്ങളിലെ ഒറ്റമുറി കെട്ടിടത്തില്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മറ്റ് എസ്റ്റേറ്റുകളിലും ഇവരുടെ ബന്ധുക്കള്‍ ജോലിചെയ്യുന്നുണ്ട്. അവധി ലഭിക്കുമ്പോഴും വിശേഷദിവസങ്ങളിലും അവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വൈകുന്നേരത്തോടെ വീണ്ടും എസ്റ്റേറ്റിലെത്തും. തമിഴ്നാട്ടില്‍നിന്ന് ജോലിതേടി മൂന്നാറിലെത്തിയവരുടെ പിന്‍ഗാമികളാണ് ഇപ്പോള്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന മിക്കവരും. മൂന്നാർ ഉൾപ്പെടുന്ന ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തമിഴ്സെല്വിക്കും രാമചന്ദ്രനും പറയാനുള്ളത് ഇത്രമാത്രം: 'എങ്കളുടെ തോട്ടങ്ങളില്‍ രാഷ്ട്രീയമില്ല'.
രാഷ്ട്രീയത്തിനുപകരം ബന്ധങ്ങള്‍ക്കാണ് ഇവർ വില കൽപിക്കുന്നത്. അതുകൊണ്ടുതന്നെ മൂന്നാറിലെ രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ള പ്രാദേശിക നേതാക്കള്‍ പലരും തങ്ങളുടെ ബന്ധുക്കളാണെന്നും ഇവർ പറഞ്ഞു. ഏറ്റവും അടുപ്പമുള്ള പാര്‍ട്ടിയില്‍ തൊഴിലാളികള്‍ അണിചേരുന്നു. ദേവികുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാറും എല്‍.ഡി.എഫ് സ്ഥാനാർഥി അഡ്വ. രാജയും ബന്ധുക്കളാണ്. കഴിഞ്ഞതവണ മത്സരിച്ച എസ്. രാജേന്ദ്രനും എ.കെ. മണിയും അങ്ങനെതന്നെ.
തോട്ടം മേഖലകളില്‍ നിരവധി പ്രശ്നങ്ങളുണ്ട്. അത്തരം പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരം ചെയ്യുന്നവര്‍ക്കാണ് ഇത്തവണ വോട്ട് നല്‍കുക. കോവിഡ് കാലത്ത് കമ്പനി കൃത്യമായി ശമ്പളവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നല്‍കിയിരുന്നു. അവരുടെ കരുതലും സ്നേഹവും മറക്കാന്‍ കഴിയില്ല. ഞങ്ങളുടെ കാലം കഴിയാറായി. ഇനിയുള്ളത് മക്കളാണ്. അവര്‍ക്ക് മാന്യമായ ജോലി ലഭിക്കുന്നതോടൊപ്പം ജീവിക്കാനുള്ള ചുറ്റുപാടും ആവശ്യമാണ്.
അത് നൽകാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മനസ്സുവെക്കണം. അത്തരം കാര്യങ്ങളില്‍ മാറ്റമുണ്ടായാൽ തൊഴിലാളികളുടെ കാഴ്ചപ്പാടും മാറുമെന്ന് റീറ്റയും സമുദ്രവും രാമത്തായും പറയുന്നു. മൂന്നാര്‍ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. എന്നാല്‍, കാണാമറയത്ത് കഷ്ടപ്പാടുകള്‍ തോളിലേറ്റി ജീവിക്കുന്ന മറ്റൊരു വിഭാഗമാണ് തങ്ങളെപ്പോലുള്ള തൊഴിലാളികൾ.
രാവിലെ കാടുകയറിയാൽ വൈകീട്ട് അഞ്ചുമണിയോടെയാണ് വീടണയുന്നത്. കുട്ടികളെ തനിച്ചാക്കി നൊമ്പരങ്ങളുമായി കഴിയുന്ന തൊഴിലാളികളുടെ ജീവിതം അധികാരത്തിലെത്തുന്നവര്‍ മറക്കരുത്. എങ്കിലും വോട്ട് ചെയ്യാതിരിക്കില്ലെന്ന് പറഞ്ഞ് തൂക്കിയെടുത്ത കൊളുന്തുമായി അവർ നടന്നകന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.