മൂന്നാർ: കർശന നടപടികളുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ടുപോകുമ്പോഴും മൂന്നാറിൽ പാതയോരങ്ങളിലും പുഴയിലുമുള്ള മാലിന്യ നിക്ഷേപം തുടരുന്നു. കഴിഞ്ഞദിവസം രാത്രി വാഹനത്തിലെത്തിച്ച മാലിന്യം പാലത്തിൽനിന്ന് പുഴയിൽ തള്ളി. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം പാലാറിന് കുറുകെയുള്ള പാലത്തിൽനിന്നാണ് മാലിന്യം പുഴയിലേക്ക് നിക്ഷേപിച്ചത്.
ഹെഡ് വർക്സ് ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ടിരിക്കുന്നതിനാൽ പുഴയിൽ വെള്ളം കുറവാണ്. ഇതുമൂലം മാലിന്യം ഒഴുകിപ്പോകാതെ കിടക്കുന്നു. പാലത്തിന്റെ കൈവരിയിലും മാലിന്യപ്പൊതികൾ തൂങ്ങിക്കിടപ്പുണ്ട്.
പൊതുയിട മാലിന്യ നിക്ഷേപത്തിനെതിരെ ഒട്ടേറെ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചു വരുന്നത്. ടൗണിൽ പലഭാഗത്തും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന മാലിന്യം ശേഖരിക്കുന്നതിനും അവരെ ബോധവത്കരിക്കുന്നതിനും പഴയ മൂന്നാറിൽ ഹരിത ചെക്പോസ്റ്റും സ്ഥാപിച്ചു.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് കണ്ടെത്തി പഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുഴയെ മലിനമാക്കി ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നത്.
പാതയോരങ്ങളിൽ വിനോദസഞ്ചാരികൾ മാലിന്യം അലസമായി വലിച്ചെറിയുന്നതും കൂടിയിട്ടുണ്ട്. സന്ദർശകരുടെ വൻ തിരക്കായതിനാൽ അതിനനുസരിച്ച് ടൗണും പരിസരപ്രദേശങ്ങളും വൃത്തിഹീനമാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.