മൂന്നാർ: മാലിന്യസംസ്കരണ രംഗത്ത് മൂന്നാറിലുണ്ടാക്കിയ മുന്നേറ്റം കേരളത്തിനാകെ മാതൃകയാണെന്ന് തദ്ദേശ മന്ത്രി എം.ബി. രാജേഷ്. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷന്റെയും യു.എന്‍.ഡി.പിയുടെയും സഹായത്തോടെ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും അധികം മാലിന്യം കുമിയുന്ന ഇടമായിരുന്നു മൂന്നാറെന്നും അവിടമാണ് ഇപ്പോൾ മനോഹരമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കല്ലാര്‍ മാലിന്യ സംസ്കരണ പ്ലാന്റിലെ പുതിയ നിര്‍മാണങ്ങള്‍, ജൈവ മാലിന്യം വിന്‍ഡ്രോ കമ്പോസ്റ്റിങ് ചെയ്ത് വളമാക്കിയതിന്റെ വിപണനം, പഴയ മൂന്നാര്‍ ജങ്ഷനിലെ അപ്സൈക്ലിങ് പ്ലാന്റിന്റെയും ഗ്രാമപഞ്ചായത്തിന്റെ ഇതര പരിപാടികളായ ഐ ലവ് മൂന്നാര്‍, മുതിരപ്പുഴയിലെ കയര്‍ ഭൂവസ്ത്ര വിതാന പരിപാടി എന്നിവയുടെ ഉദ്ഘാടനമാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നത്.
ഹരിത കേരളമിഷന്റെയും യു.എന്‍.ഡി.പിയുടെയും സാമ്പത്തിക, സാങ്കേതിക സഹായത്തോടെയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. മാലിന്യത്തില്‍നിന്ന് ഉല്പാദിപ്പിച്ച ജൈവവളത്തിന്റെ ആദ്യവില്പനയും മന്ത്രി നിര്‍വഹിച്ചു. പഴയ മൂന്നാറില്‍ തയാറാക്കിയ അപ്സൈക്ലിങ് പ്ലാന്റ് മന്ത്രി സന്ദര്‍ശിച്ചു.
അഡ്വ. എ. രാജ എം.എല്‍.എ, തദ്ദേശ വകുപ്പ് റൂറല്‍ ഡയറക്ടര്‍ എച്ച്. ദിനേശന്, നവകേരളം കർമ പദ്ധതി കോഓഡിനേറ്റര്‍ ടി.എന്‍. സീമ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, കലക്ടര്‍ ഷീബ ജോര്‍ജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പരിധിയിലെ മാലിന്യസംസ്കരണ ഘട്ടങ്ങള്‍ ചിത്രീകരിച്ച ഹ്രസ്വവിഡിയോ പ്രകാശനവും തൊഴിലാളികളെയും പ്രതിഭകളെയും ആദരിക്കുകയും ചെയ്തു. നവകേരളം കര്‍മ പദ്ധതി കോഓഡിനേറ്റര്‍ ഡോ. ടി. എന്‍. സീമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ ജി.കെ. സുരേഷ് കുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി ദാസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജേന്ദ്രന്, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഭവ്യ കണ്ണന്, സി. രാജേന്ദ്രന്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.