കാടിറങ്ങുന്ന വന്യമൃഗങ്ങൾ; ഉറക്കം നഷ്ടപ്പെട്ട് തോട്ടംമേഖല

മൂന്നാർ: വന്യമൃഗങ്ങൾ മൂലം മൂന്നാറിലെയും പരിസരങ്ങളിലെയും നൂറുകണക്കിന് കുടുംബങ്ങൾ ഭീതിയുടെ നിഴലിൽ. ആന, കടുവ, പുലി തുടങ്ങിയവയുടെ നാടിറക്കമാണ് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്.സംരക്ഷിത വനമേഖലകളും തേയില തോട്ടങ്ങളും കൊണ്ട് സമൃദ്ധമായ മൂന്നാറും പരിസരപ്രദേശങ്ങളും വന്യമൃഗങ്ങളുടെ നിരന്തര ഭീഷണിയിലായിട്ട് അധിക കാലമായിട്ടില്ല.

കാട്ടനക്കൂട്ടത്തി‍െൻറയും ഒറ്റയാനകളുടെയും സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ദിനേനയുള്ള ഉപദ്രവം പതിവില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി ആനയെപ്പോലെ നിത്യ സാന്നിധ്യമാകുകയാണ് കടുവയും പുലിയും. ആനയെക്കാൾ അപകടകാരികളായ ഇവയുടെ സാന്നിധ്യം വളർത്തുമൃഗങ്ങൾക്കൊപ്പം മനുഷ്യർക്കും ഭീഷണിയായി.

മൂന്നാറിലും പരിസരങ്ങളിലുമായി മാത്രം കഴിഞ്ഞ ഒന്നരവർഷത്തിനിടെ അറുപതോളം കന്നുകാലികളെയാണ് കടുവയും പുലിയും കൊന്നത്. മൂന്നാറിൽ തോട്ടം തുടങ്ങിയ കാലം മുതൽ കാലിവളർത്തലുമുണ്ട്. കമ്പനിയിൽനിന്ന് വിരമിച്ചവർ ഉപജീവനത്തിനായി പശുവിനെ വളർത്തുകയാണ് ചെയ്യുന്നത്.

പകൽ തോട്ടങ്ങളിൽ അഴിച്ചുവിട്ടുതീറ്റും. ഇങ്ങനെ പാൽ വിറ്റ് ഉപജീവനം നടത്തുന്ന വലിയൊരുവിഭാഗം ജനങ്ങളുണ്ട്. വന്യജീവികളുടെ പതിവ് സാന്നിധ്യം ഇവരുടെ ഉപജീവന മാർഗവും മുട്ടിക്കുകയാണ്. രാവിലെ മേയാൻ വിടുന്ന പശുക്കൾ വൈകീട്ട് തിരിച്ചെത്തുമെന്ന് ഒരു പ്രതീക്ഷയും ഇപ്പോഴില്ല. ഏഴ് പശുക്കളെ വരെ നഷ്ടപ്പെട്ട കർഷകരുണ്ട്.

ഉൾക്കാടുകളിൽ കഴിയുന്ന കടുവയും പുലിയും നാട്ടിലേക്ക് ഇറങ്ങാൻ പല കാരണങ്ങൾ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. വളർത്തു മൃഗങ്ങളെ ഇവ ആക്രമിക്കാൻ പ്രധാന കാരണം ഇവയുടെ ആരോഗ്യക്കുറവാകാമെന്നാണ് വിലയിരുത്തൽ. പ്രായാധിക്യം, പരിക്ക് എന്നിവ മൂലം അവശരായ കടുവയും പുലിയുമാണ് സാധാരണ നാട്ടിലെത്തി ഇരപിടിക്കുന്നത്. കാട്ടിലെ ഇരകളെ വേഗത്തിൽ ആക്രമിച്ച് കീഴടക്കാൻ കഴിയില്ല.

ഒരുതവണ കൊല്ലുന്ന പശുക്കളെ ദിവസങ്ങളോളം ഭക്ഷണമാക്കുന്ന രീതിയാണ് ഇവക്കുള്ളത്. എന്നാൽ, ആദ്യദിവസം കൊല്ലുന്ന ഇരകളെ നാട്ടുകാർ കുഴിച്ചിടുന്നതോടെ രണ്ടുദിവസം കഴിയുമ്പോൾ വീണ്ടും പുതിയ മൃഗങ്ങളെ ആക്രമിച്ച് കൊല്ലും. ഇതാണ് പതിവായി വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെടാൻ കാരണമത്രെ.

ആനത്താരകളുടെ വലിയ തോതിലുള്ള നാശവും പച്ചക്കറി കൃഷിയുമാണ് ആനകളെ നാട്ടിലെത്തിക്കുന്നതെന്ന് പറയുന്നു. നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കുന്ന ശീലമുള്ളവയാണ് കാട്ടാനകൾ. പതിവായി സഞ്ചരിക്കുന്ന വഴികൾ അടഞ്ഞതോടെ ഇവ നാട്ടിലിറങ്ങി വീടുകളിലെ വാഴയും പച്ചക്കറികളും തിന്നുകയാണ്. അധികൃതരുടെ ഇടപെടൽ സജീവമാക്കിയില്ലെങ്കിൽ വിനോദസഞ്ചാര മേഖലയിലും ഇത് പ്രതിസന്ധി സൃഷ്ടിക്കും.

Tags:    
News Summary - Wild animal nuisance in plantation area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.