മൂന്നാർ: മൂന്നാർ ഹിൽ അതോറിറ്റി രൂപവത്കരണ നീക്കം ഇത് മൂന്നാം തവണ. മൂന്നാറിന്റെ സുസ്ഥിര വികസനം, കൈയേറ്റങ്ങളും നിർമാണങ്ങളും നിയന്ത്രിക്കൽ, മേഖലയുടെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപവത്കരിക്കാൻ കഴിഞ്ഞ ഏപ്രിലിൽ മന്ത്രിസഭ യോഗം തീരുമാനിച്ചത്. മുമ്പ് 2007ലും 2010ലുമാണ് സമാന തീരുമാനങ്ങളും അതിനുള്ള ശ്രമങ്ങളും നടന്നത്. രണ്ടുതവണയും വിവിധ കാരണങ്ങളാൽ പാതിവഴിയിൽ സർക്കാർ പിൻവാങ്ങി.
മൂന്നാർ, ദേവികുളം, ഇടമലക്കുടി, മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകൾ പൂർണമായും ചിന്നക്കനാൽ പഞ്ചായത്തിലെ എട്ട്, 13 വാർഡുകൾ ഒഴികെ പ്രദേശങ്ങളം പള്ളിവാസൽ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളും ഉൾപ്പെടുത്തി തിരുവനന്തപുരത്തെയും കൊച്ചിയിലെയും നഗരവികസന ഏജൻസികളുടെ മാതൃകയിൽ മൂന്നാർ ഹിൽ അതോറിറ്റി രൂപവത്കരിക്കാനാണ് ഏപ്രിലിൽ തീരുമാനിച്ചതും നടപടികൾ ആരംഭിച്ചതും.
ജനവാസം, ടൂറിസം, പരിസ്ഥിതിലോലം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് നിർമാണ നിയന്ത്രണമാണ് ലക്ഷ്യമിടുന്നത്. 2010 മേയിൽ സമാനരീതിയിൽ മൂന്നാറിൽ പ്രത്യേക ഓർഡിനൻസ് വഴി 1000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അന്നത്തെ സർക്കാർ തീരുമാനിച്ച് നടപടി ആരംഭിച്ചിരുന്നു. ഓർഡിനൻസിന്റെ കരട് തയാറാക്കാൻ റവന്യൂ വകുപ്പിനോടും നിർദേശിച്ചു.
സ്വകാര്യ തേയില കമ്പനിയുടെയും സ്വകാര്യ വ്യക്തികളുടെയും സർക്കാറിന്റെയും കൈവശമുള്ള ഭൂമിയുൾപ്പെടെ ഏറ്റെടുക്കേണ്ട 1000 ഏക്കറിന്റെ പട്ടികയും റവന്യൂ വകുപ്പ് തയാറാക്കി. ഒരു മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ടൗൺഷിപ്പിന്റെ വികസനമായിരുന്നു അന്ന് ലക്ഷ്യമിട്ടത്. ഇതിന്റെ നടത്തിപ്പിനായാണ് അന്ന് അതോറിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ, പിന്നീടൊന്നും നടന്നില്ല.
വിവാദമായ മൂന്നാർ ദൗത്യത്തിനുശേഷം 2007ൽ മൂന്നാർ ഉൾപ്പെടെ പ്രദേശങ്ങളുടെ സംരക്ഷണത്തിന് അതോറിറ്റി രൂപവത്കരിക്കാൻ അന്നത്തെ ഇടതുസർക്കാർ തീരുമാനിച്ചെങ്കിലും രാഷ്ട്രീയ വിവാദങ്ങളിൽ മുങ്ങിപ്പോയി. അന്ന് ഓർഡിനൻസിന് അന്തിമരൂപം നൽകിയ ശേഷമായിരുന്നു സർക്കാറിന്റെ പിന്മാറ്റം. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രഖ്യാപിച്ച മൂന്നാർ ഹിൽ ഏരിയ അതോറിറ്റിയുടെ രൂപവത്കരണവും യാഥാർഥ്യമാവുമോ എന്നതിൽ ആശങ്ക പങ്കുവെക്കുകയാണ് പരിസ്ഥിതി പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.