നെടുങ്കണ്ടം: കേരള -തമിഴ്നാട് അതിര്‍ത്തിയിലെ ശൂലപ്പാറയില്‍ സ്വകാര്യ വ്യക്തി സര്‍ക്കാര്‍ ഭൂമി കൈയേറി റോഡ് വെട്ടിയതായി പരാതി. തമിഴ്നാട് അതിര്‍ത്തി വരെ മൂന്നര കിലോമീറ്ററോളം ദൂരത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയേറ്റം സ്ഥിരീകരിച്ചു.
മറ്റൊരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും ഏലം കൃഷിക്ക് പാട്ടത്തിന് നല്കിയതുമായ പട്ടയഭൂമി കൈയേറി റോഡ് നിർമിച്ചതായി റവന്യൂ അധികൃതര്‍ക്ക് ലഭിച്ച പരാതി അന്വേഷിച്ചെത്തിയപ്പോഴാണ് സര്‍ക്കാര്‍ ഭൂമിയും കൈയേറിയതായി കണ്ടെത്തിയത്. എസ്കവേറ്റര്‍ ഉപയോഗിച്ച് റോഡ് വെട്ടിത്തുറന്നതായും റവന്യൂ അധികൃതര്‍ കണ്ടെത്തി. സ്വകാര്യ വ്യക്തി പാട്ടത്തിന് നല്കിയ സ്ഥലത്തുകൂടി പത്തടി വിതിയിൽ മണ്‍റോഡ് വനത്തിനുള്ളിലേക്കാണ് നിർമിച്ചിരിക്കുന്നത്. സമീപത്തായി ഏക്കറുകളോളം സ്ഥലത്ത് പുതുതായി ഏലം കൃഷി ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ റവന്യൂ അധികൃതര്‍ നിർദേശം നല്കി. ശൂലപ്പാറ മേഖലയില്‍ എസ്.സികോളനിയെ ബന്ധപ്പെടുത്തി ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച റോഡ് നിർമാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
ഇതിന്റെ മറവിലാണ് അനധികൃത റോഡ് നിർമാണം. മലയുടെ ഒരു ഭാഗം ഇടിച്ചു നിരത്തി റോഡ് നിർമിച്ചതിനോടൊപ്പം ഏലവും കൃഷിചെയ്തിട്ടുണ്ട്. സംഭവത്തില്‍ പാറത്തോട് വില്ലേജ് ഓഫിസര്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഭൂരേഖ വിഭാഗത്തിന് സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ നിർദേശം നല്കി. പരിശോധനകള്‍ക്ക് ശേഷം കൈയേറ്റം കണ്ടെത്തിയാല്‍ ഭൂസംരക്ഷണ നിയമ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.