അടിമാലി: ഇടുക്കി - എറണാകുളം ജില്ലകളിലെ അതിർത്തി പങ്കിടുന്ന നേര്യമംഗലം പാലത്തിൽ ഗതാഗത തടസ്സം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം രോഗികളുമായി വന്ന ആംബുലൻസ് ഉൾെപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ മണിക്കൂറുകൾ കുടുങ്ങിക്കിടന്നത്.
വലിയ രണ്ട് വാഹനങ്ങൾ രണ്ട് ദിശയിൽനിന്ന് പാലത്തിലേക്ക് ഒരുപോലെ കയറിയതാണ് കഴിഞ്ഞ ദിവസത്തെ ഗതാഗത തടസ്സത്തിന് കാരണമായത്. മൂന്നാർ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയവരും ഗതാഗത തടസ്സത്തിൽപെട്ടു.
പാലത്തിന്റെ ഇരുവശത്തും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകരാറിലാണ്. അടിമാലി, ഊന്നുകൽ പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയായതിനാൽ ഇവിടെ ഗതാഗതം നിയന്ത്രിക്കാനും പൊലീസിന് താൽപര്യമില്ല. രാജഭരണകാലത്ത് ഒറ്റവരി ഗതാഗതത്തിന് നിർമിച്ചതാണ് ഈ പാലം.
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽപെട്ട ഇവിടെ പുതിയ പാലം നിർമിക്കാൻ ടെൻഡർവരെ ആയെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ ഓടുന്ന ദേശീയപാതകളിൽ ഒന്നാണ് ഈ പാത. മൂന്നാർ സഞ്ചാര കേന്ദ്രത്തിലേക്കുള്ള ഏകപാത കൂടിയാണിത്.
നേര്യമംഗലം ആർച്ച് പാലത്തിലെ തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.