തൊടുപുഴ: ജില്ലയിലെ മിക്ക ഇടങ്ങളിലും മഴ കനത്തു തുടങ്ങി. കാലവർഷം എത്തിയിട്ടും കാര്യമായ മഴ ലഭിക്കാതിരുന്നത് ജില്ലയിലെ കാർഷിക മേഖലയെയടക്കം കാര്യമായ ബുദ്ധിമുട്ടിലാക്കിയിരുന്നു. മഴ ശക്തമായതോടെ, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഡാമുകളിലെ ജലനിരപ്പും നേരിയതോതിൽ ഉയർന്നു. ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ഏറ്റവുമധികം മഴ ലഭിച്ചത് പീരുമേട് താലൂക്കിലാണ്- 51 മില്ലീമീറ്റർ. ജില്ലയിൽ ഈമാസം മഴ പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. ജൂൺ ഒന്നു മുതൽ ചൊവ്വാഴ്ച രാവിലെ വരെ 654.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ജില്ലയിൽ ലഭിച്ചത് 175.5 മില്ലീമീറ്റർ മാത്രം. 73 ശതമാനം കുറവാണിത്.
തൊടുപുഴ-27.4 മി.മീ., ഇടുക്കി- 21.4 മി.മീ., ദേവികുളം- 18 മി.മീ., ഉടുമ്പൻചോല-6.6 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് താലൂക്കുകളിൽ ലഭിച്ച മഴയുടെ അളവ്. കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ അടിയന്തര സാഹചര്യം നേരിടാൻ ജില്ലതലത്തിലും അഞ്ച് താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാർ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.