തൊടുപുഴ: തകർന്ന നഗരത്തിലെ റോഡുകളിൽ ടാറിങ് തുടങ്ങി. നാളുകളായി വൻ കുഴികൾ രൂപപ്പെട്ട റോഡുകളാ ണ് ഗതാഗത യോഗ്യമാക്കുന്നത്. ബുധനാഴ്ച തൊടുപുഴ റെസ്റ്റ് ഹൗസ് മുതൽ പാലം വരെയും തൊടുപുഴ മൗണ്ട് സീനായി റോഡിലുമാണ് ടാറിങ് നടന്നത്. അഞ്ചുകോടിയാണ് അനുവദിച്ചിരിക്കുന്നത്. ബൈപാസുകളടക്കം ടാർ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
മഴയില്ലെങ്കിൽ രാത്രിയും പകലുമായി ടാറിങ് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തൊടുപുഴ പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞു. പൂർണമായും തകർന്ന ഭാഗങ്ങൾ മാസങ്ങൾക്ക് മുമ്പ് ടൈൽ വിരിച്ചും അറ്റകുറ്റപ്പണി നടത്തിയും താൽക്കാലികമായി ഗതാഗതയോഗ്യമാക്കിരുന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ പലതിന്റെയും സ്ഥിതി ദയനീയമായി. ദിവസവും ആയിരക്കണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന വഴികളിലെ കുഴികൾ വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരുന്നത്. മഴയിൽ റോഡുകളിലെ കുഴികളിൽ വെള്ളംനിറഞ്ഞ് ബൈക്ക് യാത്രികരും അപകടത്തിൽപ്പെടുന്നത് പതിവാണ്. ഈ വഴികളിലൂടെയുള്ള പതിവ് സഞ്ചാരംമൂലം വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതായും പരാതിയുണ്ട്. പലരും അടുത്തെത്തുമ്പോൾ മാത്രമാണ് കുഴിയുള്ള കാര്യം അറിയുകയെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ടാറിങ് നടക്കുന്ന സാഹചര്യത്തിൽ റോഡിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. റോഡരികിൽ നീളത്തിൽ താൽക്കാലിക ഷെഡ് കെട്ടിയാണ് കച്ചവടം. ഇവരോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയെങ്കിലും ആരും ഇതുവരെ ഇവിടെനിന്ന് മാറാൻ തയാറായിട്ടില്ല. രാവിലെയും വൈകീട്ടും ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്.
രാവിലെയും വൈകീട്ടുമായി ഇവിടെ സാധനങ്ങൾ വാങ്ങാനായി ആൾക്കാർ വാഹനങ്ങൾ നിർത്തുന്നതോടെ കുരുക്ക് മുറുകും. നഗരസഭ ഒരിക്കൽ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും കടയടച്ചിട്ട് പോയ ഇവർ പിന്നീടുമെത്തി. വിഷയത്തിൽ നഗരസഭയുടെയും സഹായം തേടുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ, അടുത്തിടെ ചേർന്ന വെൻഡിങ് കമ്മിറ്റി യോഗത്തിൽ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.