മൂലമറ്റം: മൂലമറ്റം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ദീർഘ ദൂര സർവീസുകൾ വ്യാപകമായി റദ്ദാക്കുന്നതായി പരാതി. പുലർച്ചെ 4.15 ന് മൂലമറ്റത്ത് നിന്നു തിരുവനന്തപുരത്തേക്ക് സർവീസ് നടത്തി, 11.30 ന് തിരിച്ച് വൈകിട്ട് ആറിന് മൂലമറ്റത്ത് സമാപിക്കുന്നതാണ് ഒരു സർവീസ്. കൂടാതെ പുലർച്ചെ എറണാകുളത്തിന് ഉണ്ടായിരുന്ന മറ്റൊരു ബസും പലപ്പോഴായി മുടങ്ങുന്നുണ്ട്. പതിറ്റാണ്ടുകളായി മൂലമറ്റം ഡിപ്പോയിൽ നിന്നുള്ള സർവീസുകളായിരുന്നു ഇത് രണ്ടും. രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള നിരവധി സർക്കാർ ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും ഏറെ സഹായകരമായ സർവീസാണ് ഇത്. മൂലമറ്റം മുതൽ തിരുവനന്തപുരം വരെയുള്ള നിരവധിപേർ ഈ ബസിനെ ആശ്രയിച്ചിരുന്നു. എറണാകുളം സർവീസും അനേകം പേർക്കാണ് സഹായകമായിരുന്നത്. തിരുവനന്തപുരം സർവീസിൽ നിന്ന് 23,000 രൂപയും എറണാകുളം സർവീസിൽ നിന്ന് 20,000 രൂപയും ദിവസ കളക്ഷൻ ലഭിച്ചിരുന്നു. എന്നാൽ ശബരിമല സർവീസിന് വേണ്ടിയാണ് രണ്ട് ബസുകളും മാറ്റിയതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
പകരം ബസുകൾ എത്തിക്കും എന്ന നിബന്ധനയിലാണ് സർവീസ് മാറ്റിയതെങ്കിലും ഇത് വരെ എത്തിയിട്ടില്ല. തിരുവനന്തപുരം ബസിനെ ആശ്രയിച്ചിരുന്ന യാത്രക്കാർ ബുദ്ധിമുട്ടാതിരിക്കാൻ കോട്ടയം വരെ ഓർഡിനറി ബസ് സർവീസ് നടത്തുന്നുണ്ട് എന്നാണ് അധികൃതർ പറയുന്നത്. കോട്ടയം എത്തിയാൽ ആളുകൾക്ക് മറ്റ് ബസുകളെ ആശ്രയിക്കാമെന്നും അവർ പറയുന്നു. എന്നാൽ ഇത് ദീർഘദൂര സർവീസിന് പകരമാകില്ലെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.