തൊടുപുഴ: കനത്ത മഴയിലെ സ്കൂൾ യാത്ര ഭയന്ന് കുട്ടികളും രക്ഷിതാക്കളും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച പ്രവൃത്തി ദിനമായിരുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ ഏറെയുള്ള ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് ഭൂരിഭാഗം രക്ഷിതാക്കൾക്കുമുള്ളത്. ഇടുക്കിയ്ക്കൊപ്പം കണ്ണൂരും കാസർകോടുമാണ് തിങ്കളാഴ്ച റെഡ് അലർട്ടുണ്ടായിരുന്നത്. ഇതിൽ കാസർകോടും ഓറഞ്ച് അലർട്ട് നിലവിലുള്ള എറണാകുളം, ആലപ്പുഴ ജില്ലകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ഇടുക്കിയിൽ തിങ്കളാഴ്ച മുതൽ അതിശക്തമായ മഴ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും വൈകീട്ട് സ്കൂൾ വിട്ട സമയത്തും ജില്ലയിലെമ്പാടും കനത്ത മഴയായിരുന്നു. മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിട്ടുണ്ട്.
രാവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾ പ്രയാസത്തിലാകും. മഴ പ്രയാസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെങ്കിൽ നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. മലയോര മേഖലയിലെ സ്കൂളുകളിൽ കുട്ടികളെ സ്കൂളിലയടച്ച് നെഞ്ചിടിപ്പോടെയാണ് രക്ഷിതാക്കൾ വീടുകളിൽ ഇരിക്കുന്നത്.
കാലവർഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാർഗരേഖയിലെ നിർദേശങ്ങൾക്ക് അനുസൃതമായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ട ഉത്തരവാദിത്തം ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർക്കാണ്. കലക്ടറുടെ ഫേസ്ബുക്ക് പേജിലും കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താൻ അവധി നൽകണമെന്ന ആവശ്യമായി കുട്ടികളും രക്ഷിതാക്കളുമടക്കം നിരവധി പേർ കമന്റുകളുമായി സജീവമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.