തൊടുപുഴ: നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾ സജീവമാകുന്നതിനിടെ ജില്ലയിൽ കൂടുതൽ വാഹന ചാർജിങ് സ്റ്റേഷനുകൾ സജ്ജമാകുന്നു. 25 ഇടത്താകും കേന്ദ്രങ്ങൾ ഒരുങ്ങുക. ഇതിന്റെ നിർമാണം ചിലയിടങ്ങളിൽ അവസാന ഘട്ടത്തിലാണെന്നും കൂടുതൽ പ്രദേശത്ത് സ്ഥലം കണ്ടെത്തി പ്രാരംഭ ജോലി ആരംഭിച്ചതായും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രമായതിനാൽ തന്നെ ഹൈറേഞ്ചിലടക്കം നിരത്തുകളിൽ ഇപ്പോൾ തന്നെ വൈദ്യുതി വാഹനങ്ങൾ എത്തുന്നുണ്ട്. അനെർട്ടിന്റെ നേതൃത്വത്തിലും സ്റ്റേഷനുകൾ ജില്ലയിൽ ഒരുങ്ങുന്നുണ്ട്.
എം.എൽ.എമാർ നിർദേശിച്ച സ്ഥലങ്ങളിൽ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. ആദ്യ ഘട്ടങ്ങളിൽ നേരിട്ട് വാഹനങ്ങൾ എത്തിച്ചും പിന്നീട് തീർന്ന ബാറ്ററികൾ നൽകിയശേഷം ചാർജ് ചെയ്തവ കൊണ്ടുപോകുന്നതിനുള്ള സംവിധാവനവുമാകും ഒരുക്കുക.
പെട്രോൾ പമ്പുകളുടെ മാതൃകയിൽ തന്നെയാകും ഇത്തരം കേന്ദ്രങ്ങളും ഒരുക്കുന്നത്.
കാറുകൾ ഉൾപ്പെടെ ഇടത്തരം വാഹനങ്ങളുടെ ചാർജിങ്ങിനായി അതിവേഗ സെന്ററുകളുടെ നിർമാണം തൊടുപുഴയിലും മൂന്നാറിലും മൂലമറ്റത്തും അവസാന ഘട്ടത്തിലാണ്. വാഴത്തോപ്പിൽ നിർമാണം പൂർത്തിയായ ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ഉടൻ ആരംഭിക്കും. യൂനിറ്റിന് 15.34 രൂപയായിരിക്കും ഈടാക്കുക. ഓട്ടോ ചാർജിങ്ങിനായും ഉടൻ ചാർജിങ് സ്റ്റേഷൻ തുറക്കാനുള്ള നടപടി ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു.
ചാർജിങ് സ്റ്റേഷനുകൾ
മൂന്നാർ നിയോജക മണ്ഡലത്തിൽ അടിമാലി, ഇരുമ്പുപാലം, മറയൂർ, ആനച്ചാൽ, ചിന്നക്കനാൽ.
തൊടുപുഴ മണ്ഡലത്തിൽ തൊടുപുഴ ടൗൺ, ഉടുമ്പന്നൂർ, വണ്ണപ്പുറം, മുട്ടം.
നെടുങ്കണ്ടം മണ്ഡലത്തിൽ രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, നെടുങ്കണ്ടം, വണ്ടന്മേട്.
പീരുമേട് മണ്ഡലത്തിൽ കുമളി, ചക്കുപള്ളം, കുട്ടിക്കാനം, വാഗമൺ, മേരികുളം.
ഇടുക്കിയിൽ കട്ടപ്പന, ചെറുതോണി, ചേലച്ചുവട്, മുരിക്കാശ്ശേരി, മൂലമറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.