തൊടുപുഴ: തുടർച്ചയായ മൂന്ന് അവധി ദിനങ്ങളിൽ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സാക്ഷിയായത് സഞ്ചാരികളുടെ ഒഴുക്കിന്. കോവിഡ് വ്യാപനത്തിന്‍റെ രണ്ട് വർഷങ്ങൾ പിന്നിട്ട് നിയന്ത്രണങ്ങൾ നീങ്ങിയ വിഷു, ഈസ്റ്റർ ആഘോഷവേളകൾ കേരളത്തിനകത്തും പുറത്തുംനിന്നുമുള്ള ആയിരക്കണക്കിന് സഞ്ചാരികൾ ഇടുക്കി കൺനിറയെ കാണാൻ അവസരമാക്കി. കോവിഡിനുശേഷം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡി.ടി.പി.സി) കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ട ദിവസങ്ങളാണ് കടന്നുപോയത്.
കഴിഞ്ഞ രണ്ടുവർഷങ്ങളിലും കോവിഡ് പ്രതിസന്ധിയിൽ കുരുങ്ങി വിഷു, ഈസ്റ്റർ വേളകളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെക്കുറെ വിജനമായിരുന്നു.
ഡി.ടി.പി.സിയുടെ കീഴിലുള്ള മൂന്നാർ മാട്ടുപ്പെട്ടി ബോട്ടിങ്, പാഞ്ചാലിമേട്, അരുവിക്കുഴി, ആമപ്പാറ, രാമക്കൽമേട്, വാഗമൺ മൊട്ടക്കുന്നുകൾ, വാഗമൺ അഡ്വഞ്ചർ പാർക്ക്, ഇടുക്കി ഹിൽവ്യു പാർക്ക്, ശ്രീനാരായണപുരം, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലായി ഏപ്രിൽ 15, 16, 17 തീയതികളിലായി 32,201 സന്ദർശകർ എത്തിയതായാണ് കണക്ക്. 12,55,265 രൂപയാണ് ഈ കേന്ദ്രങ്ങളിൽനിന്നുള്ള മൂന്നുദിവസത്തെ വരുമാനം.
കോവിഡ് പ്രതിസന്ധി നീങ്ങിത്തുടങ്ങിയ ആദ്യ നാളുകളിലെ സന്ദർശകരുടെ എണ്ണത്തിലെയും വരുമാനത്തിലെയും വർധന ജില്ലയുടെ വിനോദസഞ്ചാര മേഖലക്കും അനുബന്ധ സംവിധാനങ്ങൾക്കും ഏറെ ഉണർവ് പകരുന്നതാണ്. പരീക്ഷക്കാലം കഴിഞ്ഞതോടെ വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ ഇടുക്കിയുടെ കാഴ്ചകൾ തേടിയെത്തുമെന്നാണ് പ്രതീക്ഷ.
വാഗമൺ അഡ്വഞ്ചർ പാർക്ക് 7421, പാഞ്ചാലിമേട് 4264, രാമക്കൽമേട് 4097, ശ്രീനാരായണപുരം 3495, ആമപ്പാറ 1394, അരുവിക്കുഴി 1393, ഹിൽവ്യു പാർക്ക് 1439, മാട്ടുപ്പെട്ടി 986 എന്നിങ്ങനെയാണ് മൂന്ന് ദിവസങ്ങളിൽ പ്രധാന കേന്ദ്രങ്ങളിൽ എത്തിയ സഞ്ചാരികളുടെ എണ്ണം. ഏപ്രിൽ 15ന് 4,72,160 രൂപയും 16ന് 5,06,990 രൂപയും ഈസ്റ്റർ ദിനത്തിൽ 2,76,115 രൂപയുമാണ് ഡി.ടി.പി.സി കേന്ദ്രങ്ങളിൽനിന്നുള്ള വരുമാനം. വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഞായറാഴ്ച മാത്രം 3120 പേരെത്തി.
ഡാം കാണാൻ 4800 പേർ
ഏപ്രിൽ 14 മുതൽ 17വരെ നാല് ദിവസങ്ങളിലായി കുട്ടികളടക്കം 4800ഓളം പേർ ഇടുക്കി അണക്കെട്ട് സന്ദർശിച്ചു. 2.80 ലക്ഷം രൂപയോളം വരുമാനവും ലഭിച്ചു. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാണ് നിലവിൽ ഇടുക്കി അണക്കെട്ടിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം. ഇത് മേയ് അവസാനം വരെ തുടരും.
കൂടുതൽ സഞ്ചാരികളെ കാത്ത്...
അവധിക്കാല സഞ്ചാരകിളെ വരവേൽക്കാൻ എല്ലാ കേന്ദ്രങ്ങളും സജ്ജമാണെന്ന് ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു. ഏപ്രിൽ, മേയ് മാസങ്ങൾ ലക്ഷ്യമിട്ട് അറ്റകുറ്റപ്പണികളും നവീകരണവുമടക്കം പൂർത്തിയാക്കിയിട്ടുണ്ട്. സഞ്ചാരികളെ ആകർഷിക്കാൻ ചില കേന്ദ്രങ്ങളിൽ സൗന്ദര്യവത്കരണ ജോലികളും നടത്തി.
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ മേയ് ഒന്നിന് പുഷ്പമേള ആരംഭിക്കും. ബൊട്ടാണിക്കൽ ഗാർഡന്‍റെ പ്രാധാന്യവും സവിശേഷതകളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതും ഇതിന്‍റെ ലക്ഷ്യമാണെന്നും ഡി.ടി.പി.സി സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.