തൊടുപുഴ: ലഹരിയുടെ പിടിയിൽ കുടുങ്ങുകയാണ് മലയോര ജില്ല. കഞ്ചാവിനൊപ്പം സിന്തറ്റിക് ലഹരികളും ഈ മലയോര ജില്ലയിൽ വ്യാപകമാകുകയാണ്. ജനുവരി ഒന്ന് മുതൽ മേയ് 22 വരെ മാത്രം 25 കിലോയാളം കഞ്ചാവാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം മാത്രം രണ്ട് പേരിൽ നിന്ന് 14.5 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. 45 കഞ്ചാവ് ചെടികൾ, 0.125 ഗ്രാം ഹെറോയിൻ, 14.262 ഗ്രാം ഹാഷിഷ് ഓയിൽ, 0.714 ഗ്രാം എം.ഡി.എം.എ, 0.037 ഗ്രാം എൽ.എസ്.ഡി , 6.5 ഗ്രാം ചരസ്, 7.704 ഗ്രാം മെത്താംഫിറ്റമിൻ എന്നിവയും ഇക്കാലയളവിൽ പിടികൂടി. നേരത്തേ കഞ്ചാവ് കേസുകളായിരുന്നു പ്രധാനമായി ഉണ്ടായിരുന്നതെങ്കിലും സിന്തറ്റിക് ലഹരിയുമായി പിടിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. പുതു തലമുറയെയാണ് പ്രധാനമായും സിന്തറ്റിക് ലഹരി വിൽപനക്കാർ വല വീശിപ്പിടിക്കുന്നത്.
ലഹരിക്കടത്തിന് ഓൺലൈൻ വഴി ഇടപാടുകളും ജില്ലയിൽ സജീവമാണ്. ഇതിനായി കോഡ് ഭാഷകളുമുണ്ട്. പൊതു ഇടങ്ങളിലും നഗരത്തോട് ചേർന്നുള്ള ഗ്രാമ പ്രദേശങ്ങളും ലഹരി കൈമാറ്റത്തിനായി ലഹരി മാഫിയ ഉപയോഗിക്കുന്നുണ്ട്. പിടിയിലാകുന്നവരെല്ലാം ഇടനിലക്കാരാണ്. ലഹരി വിൽപനയുടെ ഹബ്ബായി തൊടുപുഴയടക്കമുള്ള നഗരങ്ങൾ മാറുന്ന സാഹചര്യമുണ്ട്.
വിദ്യാർഥികളെയും യുവാക്കളെയും ലഹരിക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ തന്ത്രം. കാരിയറായി പോകുന്നവരെ ഒറ്റിക്കൊടുത്ത് പിടിപ്പിക്കുന്ന പണിയും സംഘത്തിനുണ്ട്. ഒരിക്കൽ പിടിക്കപ്പെടുന്നവർ വീണ്ടും വിൽപനക്കാരാകുന്നതും പതിവാണ്. ഇടനിലക്കാരായി പെൺകുട്ടികളും രംഗത്തുണ്ട്. ലഹരി വാങ്ങാനുള്ള പണത്തിനായി ഇതിന് അടിമകളായവർ എന്തു മാർഗവും സ്വീകരിക്കും. ഇത് യുവാക്കളെ ക്രിമിനൽ പ്രവണതകളിലേക്ക് നയിക്കും.ബൈപാസ് റോഡുകളും ആളൊഴിഞ്ഞ ഇടങ്ങളുമാണ് മയക്കുമരുന്നു മാഫിയയുടെ വിഹാര കേന്ദ്രങ്ങൾ. പൊലീസിന്റെ നിരീക്ഷണം കാര്യമായി എത്താത്ത മേഖലകളിലാണ് ഇടപാടുകൾ ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.