തൊടുപുഴ: റോഡിൽ യാത്ര തടസ്സമുണ്ടാക്കിയ ഉന്തുവണ്ടികൾ പിടികൂടിയ നഗരസഭ ‘വേണ്ടപ്പെട്ടവർക്ക്’ പിഴ കുറച്ചിട്ടെന്ന് വിവാദം. പിടികൂടിയ നാല് ഉന്തുവണ്ടികളിൽ അന്തർസംസ്ഥാന തൊഴിലാളിയുടേതിന് 2500 രൂപ പിഴയിട്ട നഗരസഭ, പാർട്ടി ശിപാർശ ചെയ്ത മറ്റു മൂന്നുപേർക്ക് തുച്ഛമായ തുക മാത്രവും പിഴ ചുമത്തി. കഴിഞ്ഞ ആഴ്ചയാണ് നഗരത്തിൽ അനധികൃതമായി നടത്തിയിരുന്ന ഉന്തുവണ്ടി കച്ചവടക്കാരെ നഗരസഭ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരുടെ ഉന്തുവണ്ടിയും സാധനങ്ങളും ഉൾപ്പെടെ നഗരസഭ ഓഫിസ് കോമ്പൗണ്ടിൽ കൊണ്ടിട്ടു. കുറഞ്ഞത് 2500 രൂപയാണ് പിഴ ഈടാക്കേണ്ടതെങ്കിലും അന്തർസംസ്ഥാന തൊഴിലാളികളിൽനിന്ന് മാത്രമാണ് ഈ തുക ഈടാക്കിയത്. പാർട്ടിക്കാർ ഇടപെട്ടതോടെ ബാക്കി മൂന്നുപേരിൽനിന്ന് 1000 രൂപ വീതം ഇടാക്കിയതാണ് നഗരസഭ കൗൺസിലിൽ ചോദ്യം ചെയ്യപ്പെട്ടത്.
ഒരേ കുറ്റം ചെയ്തവരിൽനിന്ന് രണ്ടുതരത്തിൽ പിഴ ഈടാക്കിയതിനെ കോൺഗ്രസ് കൗൺസിലർ കെ. ദീപക്കാണ് ചോദ്യം ചെയ്തത്. ചെയർപഴ്സന്റെ നിർദേശ പ്രകാരമാണ് പിഴ കുറച്ച് വാങ്ങിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇത് നിയമ വിരുദ്ധമാണെന്ന് സ്വതന്ത്ര അംഗം സനീഷ് ജോർജ്, സി.പി.എം അംഗം ആർ. ഹരി, കോൺഗ്രസ് അംഗം സനു കൃഷ്ണൻ എന്നിവരും ചൂണ്ടിക്കാട്ടി. സി.പി.എം അംഗം അടക്കം വിമശനം ഉന്നയിച്ചതോടെ വെട്ടിലായ നഗരസഭ അധ്യക്ഷ സബീന ബിഞ്ചു, അങ്ങനെയെങ്കിൽ കുറഞ്ഞുപോയ 4500 രൂപ, താൻ അടച്ചു കൊള്ളാമെന്നായി. കൗൺസിൽ ബഹളത്തിൽ കലാശിച്ചതോടെ നഗരപ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകളും ഉന്തുവണ്ടികളും കർശനമായി നീക്കംചെയ്യാൻ വീണ്ടും തീരുമാനിച്ചാണ് കൗൺസിൽ പിരിഞ്ഞത്.
കുന്നത്ത് നേരത്തേ ആരംഭിക്കാൻ കൗൺസിൽ തീരുമാനിച്ച കെട്ടിടത്തിൽതന്നെ അർബൻ വെൽനസ് സെന്റർ തുടങ്ങാൻ തീരുമാനിച്ചു.
ഇവിടെനിന്ന് സെന്റർ മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മുൻ ചെയർമാൻ സനീഷ് ജോർജും പ്രതിപക്ഷ കൗൺസിലർമാരും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.